കൊച്ചി: കേരളബാങ്കിന്റെ കടം കുറയ്ക്കാൻ പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതിയുമായി സഹകരണ വകുപ്പ്. എന്നാൽ, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിൽനിന്നെടുത്ത കുടിശ്ശികയായ വായ്പകൾ തീർപ്പാക്കാൻ മാത്രമാണിത്. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപവത്കരിക്കുന്നത്.
റിസർവ് ബാങ്ക് കേരളബാങ്ക് രൂപവത്കരണത്തിന് അന്തിമാനുമതി നൽകിയിട്ടുണ്ട്. മൂലധനപര്യാപ്തത ഒമ്പത് ശതമാനമാക്കി നിലനിർത്തണമെന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് അന്തിമാനുമതി ഘട്ടത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ, കുടിശ്ശിക പരമാവധി ഒഴിവാക്കി ബാങ്കിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വ്യക്തികൾക്കു മാത്രമല്ല, സഹകരണസംഘങ്ങളെടുത്ത വായ്പകൾക്കും പുതിയ പദ്ധതിയനുസരിച്ച് ഇളവോടുകൂടി ഒറ്റത്തവണ തീർപ്പാക്കൽ ബാധകമാണ്.
ALSO READ: വാറ്റ്: നികുതി കുടിശിക പിരിക്കാന്‍ തയാറാക്കിയ സോഫ്‌റ്റ്‌വേര്‍ പാഴായി; സർക്കാരിന് നഷ്ടം എട്ടുകോടി
സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലെ കുടിശ്ശികയായ വായ്പകൾക്കാണ് ഇളവനുവദിക്കുന്നത്. ഡിസംബർ 31 വരെയാണു കാലാവധി. സാധാരണ പലിശനിരക്കിലാണ് വായ്പ അവസാനിപ്പിക്കുന്നത്. എല്ലാ വായ്പ ഒത്തുതീർപ്പുകളിലും പിഴപ്പലിശ പൂർണമായും ഒഴിവാക്കും. മാനുഷികപരിഗണന അർഹിക്കുന്ന കേസുകളിൽ മുതലിനത്തിലും ഇളവനുവദിക്കുന്നുണ്ട്.
മാരകരോഗം ബാധിച്ചവർ, മരിച്ചവർ, അപകടംപറ്റി കിടപ്പിലായവർ, മാരകരോഗം ബാധിച്ചവരുടെ സംരക്ഷണം ഏറ്റെടുത്തിട്ടുള്ള കുടുംബാംഗങ്ങൾ, മാതാപിതാക്കൾ മരിക്കുകയും മാതാപിതാക്കളെടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുകയും ചെയ്യുന്ന വിദ്യാർഥികൾ, നിരാലംബർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവരുടെ വായ്പകൾക്കാണ് മുതലിനത്തിൽ ഇളവനുവദിക്കുക.
Post Your Comments