ബീജിങ്: വാഹനത്തിന്റെ ശേഷി പരിശോധിക്കുന്നതിന് ജീവനുള്ള പന്നികളെ ഉപയോഗിച്ച് കൊന്നുതള്ളുന്ന ചൈനയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. ക്രാഷ് ടെസ്റ്റ് ഡമ്മികളായിട്ടാണ് പന്നികളെ ചൈനീസ് ഗവേഷകര്‍ ഉപയോഗിച്ചുവരുന്നത്. ഇതില്‍ മിക്കതും ചത്തുപോവുകയും മറ്റുള്ളവയ്ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. സാധാരണ കാറുകളുടെ ആക്‌സിഡന്റ് ടെസ്റ്റുകള്‍ നടത്തുമ്പോള്‍ മനുഷ്യ രൂപത്തിലുള്ള ഡമ്മികളാണ് ഉപയോഗിക്കാറുള്ളത്. ഇത്തരം ഡമ്മികളെ ഇരുത്തി കാര്‍ ഡ്രൈവറില്ലാതെ ഓടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയാണ് പതിവ്. ഈ ഡമ്മികള്‍ക്ക് പകരമാണ് ചൈനയില്‍ ഇപ്പോള്‍ പന്നികളെ ഉപയോഗിച്ചത്. 9 പന്നികളില്‍ 7 എണ്ണവും ഈ പരിശോധനയ്ക്കിടെ ചത്തു പോയി.
മൃതദേഹങ്ങള്‍ പരിശോധിച്ച ഗവേഷകര്‍ ശ്വാസകോശത്തിനാണ് ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുന്നതെന്ന് കണ്ടെത്തി. ചെറു പ്രായത്തിലുള്ള പന്നികളെ പരീക്ഷണത്തിനു മുന്‍പ് 24 മണിക്കൂര്‍ പട്ടിണിക്കിട്ടിരുന്നു. ആറ് മണിക്കൂര്‍ മുന്‍പാണ് അല്‍പം വെള്ളം നല്‍കിയത്. കുട്ടികള്‍ക്കായി സീറ്റ് ബെല്‍റ്റുകള്‍ വികസിപ്പിക്കുന്നതിനാണ് പന്നികളില്‍ പരീക്ഷണം നടത്തുന്നതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. പന്നികളുടെയും, മനുഷ്യക്കുഞ്ഞുങ്ങളുടെയും ശരീരഘടന ഒരുപോലെയായതിനാലാണ് പന്നികളെ തെരഞ്ഞെടുത്തത് എന്നാണ് ഗവേഷകരുടെ അഭിപ്രായം. മൂന്ന് വ്യത്യസ്ത സീറ്റ് ബെല്‍റ്റ് പരിഷ്‌കാരങ്ങളാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചത്. അതേസമയം ‘ക്രാഷ്-ടെസ്റ്റ് ഡമ്മികള്‍ മാര്‍ക്കറ്റില്‍ സുലഭമാണെന്നിരിക്കെ ഇത്തരം പരീക്ഷണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്’ യുകെ ആസ്ഥാനമായുള്ള ‘അണ്ടര്‍സ്റ്റാന്‍ഡിംഗ് അനിമല്‍ റിസര്‍ച്ച് ഗ്രൂപ്പ്’ അംഗം ക്രിസ് മാഗി പറയുന്നു.
Post Your Comments