മാറി വരുന്ന കാലാവസ്ഥ വീടുകളെ ഏറെ ബാധിക്കാറുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര വിലയേറിയ വസ്തുക്കള്‍ ഉപയോഗിച്ചാലും പായലും ചോര്‍ച്ചയൊന്നും തടയാന്‍ ചിലപ്പോള്‍ ഇവയ്ക്ക് കഴിയണമെന്നില്ല. അതിനാല്‍ മഴക്കാലത്ത് വീടിനെ സംരക്ഷിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കാം. മഴ ശക്തിയാര്‍ജ്ജിക്കുന്നത് വരെ ചിലര്‍ ഈ കാര്യത്തെ അത്ര ഗൗരവത്തോടെ സമീപിക്കാറില്ല. അതിനാല്‍ തന്നെ ചോര്‍ച്ച വീണ്ടും കൂടുന്നതിന് കാരണമാകും.
വീടിന്റെ കാര്യത്തില്‍ കാലാവസ്ഥയ്ക്കനുസരിച്ചുള്ള അറ്റകുറ്റപ്പണി അത്യാവശ്യമായി വരുന്ന ഭാഗമാണ് മേല്‍ക്കൂര. ചോരുന്ന ഭാഗം അടച്ചതുകൊണ്ടു മാത്രം ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ല. അതിന് ശരിയായ കാരണം കണ്ടെത്തേണ്ടതുണ്ട്. വീടിനകത്ത് നനവ് കാണുന്നിടത്താവില്ല ചോര്‍ച്ചയുടെ തുടക്കം. മുകളില്‍ കോണ്‍ക്രീറ്റിങ് മോശമായ ഏതെങ്കിലും ഭാഗത്ത് വെള്ളം ഊര്‍ന്നിറങ്ങി കമ്പിയിലൂടെ ഒഴുകി അടിയില്‍ മറ്റൊരു സ്ഥലത്തെത്തി ഇറ്റുവീഴുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ വെള്ളം ഇറ്റുവീഴുന്ന ഭാഗം അടച്ചിട്ട് ഒരു കാര്യവുമില്ല.
ALSO READ: സ്വീകരണമുറിക്ക് അഴക് പകരാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ…
പരന്ന മേല്‍ക്കൂരയിലാണ് ചോര്‍ച്ച കൂടുതല്‍ വരുന്നത്. മേല്‍ക്കൂരയുടെ മുകള്‍ഭാഗം മിനുസപ്പെടുത്തി വെള്ളം ഒഴുകിപ്പോവുന്നതിന് ആവശ്യമായ ചെരിവ് നല്‍കിയാല്‍ ഈ ചോര്‍ച്ച പരിഹരിക്കാം. സിമന്റും മണലും സമാസമം ചേര്‍ത്ത് ടെറസ് റീപ്ലാസ്റ്റര്‍ ചെയ്യുന്നതും നല്ലതാണ്. ടെറസിലേക്ക് പെയ്തിറങ്ങുന്ന വെള്ളം പുറത്തേക്ക് പോകുന്ന പൈപ്പുകളില്‍ തടസ്സമില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. മഴക്കാലത്ത് മാസത്തിലൊരിക്കല്‍ മേല്‍ക്കൂരയില്‍ കുമ്മായമോ ബ്ലീച്ചിങ് പൗഡറോ വിതറിയാല്‍ പായല്‍ പിടിക്കുന്നത് ഒഴിവാക്കാം. ടെറസിന് മുകളില്‍ അലൂമിനിയം, ഫൈബര്‍ ഷീറ്റുകൊണ്ടുള്ള മറ്റൊരു മേല്‍ക്കൂര നല്‍കുന്നത് വഴിയും ചോര്‍ച്ച തടയാം. ഈ സ്ഥലം മഴക്കാലത്ത് തുണിയുണക്കുന്നതിനും മറ്റും പ്രയോജനപ്പെടുത്താം.
ALSO READ: അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി അടുക്കള മനോഹരമായി സൂക്ഷിക്കാം
അപൂര്‍വമായി ചെരിച്ചു വാര്‍ക്കുന്ന മേല്‍ക്കൂരകളിലും ചോര്‍ച്ച കാണാറുണ്ട്. മേല്‍ക്കൂര ചെരിച്ച് വാര്‍ക്കുമ്പോള്‍ കോണ്‍ക്രീറ്റിലെ വാട്ടര്‍സിമന്റ് അനുപാതം കുറവായിരിക്കും. ഇത് കോണ്‍ക്രീറ്റിന്റെ വെള്ളം വലിച്ചെടുക്കാനുള്ള കഴിവ് കൂട്ടും. അതുവഴി ചോര്‍ച്ചയുണ്ടാകുന്നതാണ് കാരണം. ചെരിഞ്ഞ മേല്‍ക്കൂരയില്‍ വെള്ളം ഒഴുക്കിക്കളയാന്‍ പാത്തികള്‍ ഉണ്ടാകുന്നതാണ് എറ്റവും ഉചിതമായ പരിഹാരം.
ചോര്‍ച്ച മേല്‍ക്കൂരയില്‍നിന്ന് മാത്രമല്ല, ചിലപ്പോള്‍ തറയിലും ഭിത്തിയിലും വെള്ളം ഇറങ്ങി പായല്‍ പിടിക്കുന്നത് കണ്ട് വരാറുണ്ട്. തറയുടെ ഉള്‍വശത്തും മുകള്‍ഭാഗത്തും വാട്ടര്‍പ്രൂഫ് കോണ്‍ക്രീറ്റ് മിശ്രിതം മൂന്ന് ഇഞ്ച് കനത്തില്‍ പ്ലാസ്റ്റര്‍ ചെയ്യുകയാണ് ഇതിന് പരിഹാരം. തറയുടെ ചുറ്റും വെള്ളം കെട്ടിനില്‍ക്കാതെ നോക്കുകയും വേണം. ഭിത്തിയില്‍ നനവ് പ്രത്യക്ഷപ്പെടുന്നത് ചിലപ്പോള്‍ മേല്‍ക്കൂരയുടെ ചോര്‍ച്ച കാരണമാകും. അങ്ങനെയെങ്കില്‍ മേല്‍ക്കൂരയിലെ ചോര്‍ച്ച ഒഴിവാക്കുക മാത്രമാണ് പരിഹാരം.
Post Your Comments