കൊച്ചി: വിദേശ മാർക്കറ്റിൽ ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി കാസർകോട് ഹോസ്ദുർഗ് സ്വദേശി പിടിയിൽ. മയക്കു മരുന്ന് ഖത്തറിലേയ്ക്ക് കടത്താനായിരുന്നു ശ്രമം .പെരിന്തൽമണ്ണ എ എസ് പി രീഷ്മ രമേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടത്താനായി ബാഗിൽ ഒളിപ്പിച്ച് കൊണ്ടുവന്ന. 1.470 കിലോഗ്രാം ഹാഷിഷാണ് ഹോസ് ദുർഗ് ഷബാനമൻസിലിൽ മുഹമ്മദ് ആഷിഖിൽ (22) നിന്നും പിടികൂടിയത്.
മംഗലാപുരം,കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ മലപ്പുറം ജില്ലയിലെ മങ്കട ,പെരിന്തൽമണ്ണ ,കോട്ടക്കൽ ,ആനക്കയം,കൊണ്ടോട്ടി എന്നിവിടങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വിദേശത്ത് ഡിജെ പാർട്ടികളിലും ഡാൻസ് ബാറുകളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള വീര്യം കൂടിയ ലഹരി മരുന്നാണ് ഹാഷിഷ്.
ലഹരി കള്ളക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് ഖത്തറിൽ മലയാളികളുൾപ്പടെയുള്ളവർ ജയിൽ ശിക്ഷയനുഭവിക്കുന്നതിനെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് വിമാനത്താവളത്തിലും , പരിസരങ്ങളിലും മറ്റും നിരീക്ഷണം നടത്തി. തുടർന്നാണ് ഇത്തരത്തിൽ കാരിയർമാർക്ക് മയക്കുമരുന്ന് ബാഗിലും മറ്റും ഒളിപ്പിച്ച് കൈമാറുന്ന സംഘത്തെകുറിച്ച് വിവരം ലഭിച്ചത്.
Post Your Comments