കോട്ടയം: നിയന്ത്രണം വിട്ട കാര്‍ ഇറഞ്ഞാല്‍ പാലത്തില്‍നിന്നു മറിഞ്ഞ് സിപിഎം നേതാവ് മരിച്ചു. രണ്ടു പേര്‍ക്കു പരുക്ക്. സി.പി.എം. മുന്‍ ഏരിയ സെക്രട്ടറിയും സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയംഗവുമായ തിടനാട് കൊണ്ടൂര്‍ കണ്ടത്തില്‍ കെ.ആര്‍. ശശിധരനാ(65)ണു മരിച്ചത്. പാലാ സ്വദേശി ജോണ്‍സി നോബിള്‍, പ്രവിത്താനം സ്വദേശി ജോയി തോമസ് എന്നിവര്‍ക്കാണു പരുക്കേറ്റത്.
റെസിഡന്റ്‌സ് അസോസിയേഷന്‍ അപക്‌സ് ബോഡി ജില്ലാ കമ്മിറ്റി അംഗമായ ശശിധരനടക്കം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ജനെമെത്രി യോഗത്തില്‍ പങ്കെടുക്കാന്‍ പോകവേ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച മാരുതി എസ്‌റ്റിലോ കാര്‍ ഇറഞ്ഞാല്‍ പാലത്തിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ടു താഴേക്കു മറിഞ്ഞു. തോടിന്റെ കൈ വരിയില്‍ തട്ടി തെറിച്ച കാര്‍ സമീപത്തെ തിട്ടയില്‍ ഇടിച്ചു ചാലിലേക്കു വീണു.
തലകീഴായി കിടന്ന കാറില്‍നിന്നു യാത്രക്കാരെ നാട്ടുകാര്‍ പുറത്തെടുത്തു. ഫയര്‍ഫോഴ്‌സും പോലീസും സ്‌ഥലത്തെത്തി. ഇതുവഴി വന്ന വാഹനത്തില്‍ മൂവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ശശിധരനെ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്നു രാവിലെ 11നു സി.പി.എം. പൂഞ്ഞാര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്‌ക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞു മൂന്നിനു വീട്ടുവളപ്പില്‍.
Post Your Comments