Latest NewsIndiaNews

കേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ചില്ല; വാളയാര്‍ കേസില്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

പാലക്കാട്: വാളയാര്‍ കേസില്‍ സെഷന്‍സ് കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സെഷന്‍സ് കോടതി കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ഹാജരായില്ലെന്നാണ് സെഷന്‍സിന്റെ റിപ്പോര്‍ട്ട്. പ്രോസിക്യൂഷന്‍ എതിര്‍ക്കാത്തതു കൊണ്ടാണ് ജാമ്യം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്ന കാരണം കൊണ്ടുമാത്രം ജാമ്യം നല്‍കിയത് ഉചിതമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ALSO READ: വാളയാർ പീഡനക്കേസ് : കുമ്മനം രാജശേഖരൻ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവസിക്കും

അതേസമയം, വാളയാര്‍ കേസ് അട്ടിമറിക്കാന്‍ മനപൂര്‍വ്വശ്രമങ്ങള്‍ നടന്നു എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. മരിച്ച പെണ്‍കുട്ടികളില്‍ ഇളയ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.മരണം സംഭവിച്ച മുറിയില്‍ അസ്വഭാവികത ഒന്നും ഇല്ലെന്ന് രേഖപ്പെടുത്തിയ മഹസര്‍ റിപ്പോര്‍ട്ട് കൊലപാതക സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആ വിവരങ്ങള്‍ ഒന്നും കോടതിയില്‍ എത്താതിരുന്നതാണ് പ്രതികളെ വെറുതെ വിടാന്‍ പ്രധാന കാരണം.

മരിച്ച ഒന്‍പതുവയസുകാരിയായ ഇളയ കുട്ടിയുടെ കൊലപാതക സാധ്യത അന്വേഷിക്കണമെന്ന ഫൊറന്‍സിക് സര്‍ജന്റെ നിര്‍ദേശവും അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിരുന്നു. വാളയാര്‍ കേസിന്റെ തുടക്കം മുതല്‍ തന്നെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നതിന്റെ തെളിവുകളാണിത്. ഇളയമകളുടേത് ആത്മഹത്യയല്ല കൊലപാതകം ആണെന്നുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അന്വേഷണസംഘത്തിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയായി ഇതിനെ കാണാവുന്നതാണ്.

ALSO READ: വാളയാർ കേസ്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം.

കൊലപാതക സാധ്യതകള്‍ അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പരിശോധിച്ചതായും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നില്ല. വാളയാറിലെ ഇളയകുട്ടി തൂങ്ങി മരിക്കുവാനുപയോഗിച്ചിരുന്ന ലുങ്കി മൂത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷിബുവിന്റേതാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാണ്. എന്നാല്‍ പീഡനക്കേസിലെ പ്രതിയായിട്ട് കൂടി കേസില്‍ ഷിബുവിന്റെ പങ്കിനെ കുറിച്ച് അന്വേഷമുണ്ടായില്ലെന്ന് മാത്രമല്ല, കൊലപാതകത്തിനുള്ള എല്ലാ സാധ്യതകളും തള്ളി മരണം ആത്മഹത്യയാണെന്ന് പോലീസ് കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ക്കുക കൂടി ചെയ്തു.

മൂത്ത കുട്ടി മരിച്ചത് കണ്ട ഇളയകുട്ടി അപ്പോള്‍ മധുവെന്ന ആള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യവും അമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മൂത്ത പെണ്‍കുട്ടി മരിച്ച ദിവസം രണ്ട് പേര്‍ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്നതടക്കമുള്ള ഇളയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ല. കൊലപാതക സാധ്യതകള്‍ പരിശോധിക്കുക പോലും ചെയ്തിരുന്നില്ലെന്നതും ഇതില്‍ വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button