ഗൂഡല്ലൂര്‍: ലൈംഗികാതിക്രമത്തിന് പരാതിപ്പെട്ട മലയാളിയായ വിദ്യാര്‍ഥിനിയെ മര്‍ദിച്ചെന്ന പരാതിയില്‍ ഏഴുപേരെ ഗൂഡല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. ഗൂഡല്ലൂര്‍ സ്വദേശികളും മലയാളികളുമായ ഏഴുപേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.ഗൂഡല്ലൂര്‍ സ്വദേശികളായ ബിനോയ് (43), ബിനു (40), ബിജു (45), രാജു (47), ഷാജി (47), സാബു (43), സിറില്‍ (35) എന്നീ ഏഴുപ്രതികളെയാണ് പോലീസ് അറസ്റ്റുചെയ്തത്. വിദ്യാര്‍ഥിനിയെയും അമ്മയെയും അമ്പതോളം പേരടങ്ങുന്ന സംഘം വീട്ടിലെത്തി മര്‍ദിച്ചെന്നാണ് പരാതി.
ഇടവകയ്ക്കും വൈദികര്‍ക്കുമെതിരേ പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് സംഘം വീടിനകത്തുകയറി കുട്ടിയെ ആക്രമിച്ചത്. പരാതി നല്കിയ വിദ്യാര്‍ഥിനിയെയും കുടുംബത്തെയും സ്കൂള്‍ അധികൃതരും ഇടവക വികാരിയും പരസ്യമായി അവഹേളിച്ചുവെന്നും പരാതിയുണ്ട്. ഗൂഡല്ലൂരിലെ പ്ലസ്വണ് വിദ്യാര്‍ഥിനിയാണ് അധ്യാപകനെതിരേ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയത്.
വിദ്യാര്‍ഥിനി സ്കൂള്‍ മാനേജ്മെന്റിനും പ്രിന്‍സിപ്പലിനും പരാതി നല്‍കിയെങ്കിലും സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ല. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസില്‍ പരാതി പറഞ്ഞതിന്റെ പേരിലാണ് വിദ്യാര്‍ഥിനിയെയും അമ്മയെയും ഞായറാഴ്ച വീട്ടിലെത്തിയ അമ്പതോളം പേരടങ്ങുന്ന സംഘം മര്‍ദിച്ചത്.വിദ്യാര്‍ഥിയുടെ മൊഴിമാറ്റാനും കേസ് ഒതുക്കിത്തീര്‍ക്കാനും ഇടപെടലുകള്‍ നടന്നെന്നും ആരോപണമുണ്ട്.
പരാതി കൊടുത്ത ശേഷവും പ്രതികളെ രക്ഷിക്കാനായി പോലീസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിയുടെ മൊഴി ചൊവ്വാഴ്ച പോലീസ് രേഖപ്പെടുത്തി കേസെടുത്തു.തിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് അദ്ധ്യാപകനില്‍ നിന്നും ദുരനുഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ഊട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വടക്കന്‍ കേരളത്തില്‍ ആസ്ഥാനമായുള്ളതും നീലഗിരി ജില്ല വരെ വ്യാപിച്ചു കിടക്കുന്നതുമായ ഒരു രൂപതയുടെ കീഴിലുള്ളതാണ് വിമലഗിരി പള്ളി. തമിഴ്നാട്ടിലെ ഒരു പ്രാദേശിക കക്ഷിനേതാവിന്റെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.പരാതിയില്‍ കരാട്ടേ അദ്ധ്യാപകനും സംഭവം മറച്ചുവച്ച് പെണ്‍കുട്ടിയെ അപമാനിച്ച ഇടവക വികാരിയായ വൈദികനും സ്കൂള്‍ പ്രിന്‍സിപ്പലായ വൈദികനും അടക്കമുള്ളവര്‍ക്കെതിരെ പോക്സോ കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട് .
ലൈംഗികാതിക്രമത്തിനു പുറമേ മാനസിക പീഡനങ്ങള്‍ക്കും അപമാനത്തിനും ക്രൂരമായ മര്‍ദ്ദനത്തിനുമാണ് പെണ്‍കുട്ടി ഇരയായിരിക്കുന്നത്. എന്നാല്‍ മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് കുറ്റവാളികളെ രക്ഷിക്കാനാണ് ഗൂഡല്ലൂര്‍ പൊലീസിന്റെ ശ്രമമെന്നും ആരോപണമുണ്ട്. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ പ്രശ്നം സജീവമാകുന്നുണ്ട്.
Post Your Comments