ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പാക്കിസ്ഥാന് വ്യോമപാത നിഷേധിച്ച സംഭവത്തില്‍ വിശദീകരണം തേടി ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന്. പ്രധാനമന്ത്രിയുടെ സൗദി യാത്രയ്ക്ക് മുന്‍പ് പാക്കിസ്ഥാന് വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യ നല്കിയ പരാതിയിലാണ് നടപടി. സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ അനുമതിയില്ലാതെയായിരുന്നു പാക്കിസ്ഥാന് വ്യോമപാത നിഷേധിച്ചത്.സൗദി സന്ദര്‍ശനത്തിനിടെയാണ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനോട് അനുമതി ചോദിച്ചത്.
അടുത്തയിടെ ഇതു മൂന്നാം തവണയാണ് ഇന്ത്യയിലെ പ്രമുഖ വ്യക്തികള്‍ക്കു പാക്കിസ്ഥാന് വ്യോമപാത നിഷേധിക്കുന്നത്. ഒരു തവണ രാഷ്ട്രപതി രാം നാഥ് കോവിന്ദിനും രണ്ടു തവണ മോദിക്കുമാണ് പാക്കിസ്ഥാന് വ്യോമപാത നിഷേധിച്ചത്.വ്യോമ ഗതാഗത മേഖലയില്‍ 193 അംഗത്വ രാജ്യങ്ങളുടെ പരസ്പര സഹകരണം ഉറപ്പു വരുത്തുന്നതിനായണ് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് പ്രവര്‍ത്തിക്കുന്നത്.
അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് അന്താരാഷ്ട്ര വ്യോമപാത സഞ്ചാരത്തിനുള്ള അനുമതികളും ആശയവിനിമയങ്ങളും നടക്കുന്നത്. പ്രധാനമന്ത്രിക്ക് വ്യോമ പാത നിഷേധിച്ചു കൊണ്ടുള്ള വിവരം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബൈസാരിയെ പാക് വിദേശകാര്യ മന്ത്രാലയം രേഖാമൂലം അറിയിക്കുകയായിരുന്നു.
Post Your Comments