കോട്ടയം: കായിക മേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം. സംഘാടകരുടെ അശ്രദ്ധയാണ് വിദ്യാര്‍ത്ഥിയുടെ അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതോടെയാണ് സംഘാടകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. വിധികര്‍ത്താക്കള്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതായാണ് വിവരം.
മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമാം വിധം മത്സരങ്ങള്‍ നടത്തി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേ സമയം ഒരേ ഫിനിഷിംഗ് പോയിന്റില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത് ഇവര്‍ അഞ്ച് പേരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് വ്യക്തമല്ല. ഇതാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കാന്‍ കാരണമെന്നും പോലീസ് അറിയിച്ചു.
ഈ മാസം ഒക്ടോബര്‍ നാലിനാണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മേലുകാവ് സ്വദേശിയുമായ അഫീല്‍ ജോണ്‍സണിന്റെ തലയില്‍ ഹാമര്‍ ത്രോ മത്സരത്തിനിടെ പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അഫീല്‍ ഈ മാസം 21 നാണ് മരിച്ചത്.
Post Your Comments