മെക്സിക്കോ സിറ്റി: മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള റെയ്ഡില്‍ പൊലീസ് കണ്ടെത്തിയത് നിരവധി തലയോട്ടികളും ഭ്രൂണങ്ങളും . ദുരൂഹതകള്‍ ജനിപ്പിച്ച് മെക്സികോ നഗരത്തിന് സമീപമാണ് നാല്പതിലധികം തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. മയക്കുമരുന്ന് വ്യാപാരികളുടെ ഗൂഢസങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്. ഡസന്‍ കണക്കിന് ശരീരാസ്ഥികളാണ് കണ്ടെത്തിയത്. കൂടാതെ ഗ്ലാസ് ഭരണിയില്‍ സൂക്ഷിച്ച നിലയില്‍ ഒരു ഭ്രൂണവും കണ്ടെത്തിയിട്ടുണ്ട്.
ബലിപീഠത്തിനരികിലായി സൂക്ഷിച്ച നിലയിലാണ് തലയോട്ടികള്‍ കണ്ടെത്തിയത്. മെക്സിക്കോ സിറ്റി അറ്റോര്‍ണി ജനറലിന്റെ ഓഫീസ് പുറത്തുവിട്ട ചിത്രത്തില്‍ ബലിപീഠത്തിന് ചുറ്റുമായി അടുക്കിവെച്ച നിലയിലാണ് തലയോട്ടികള്‍. ബലിപീഠത്തിന് പിറകിലായി തലയില്‍ കൊമ്പുകളോടു കൂടിയ മുഖം മൂടി കൊണ്ടലങ്കരിച്ച നിലയില്‍ ഒരു കുരിശ് സ്ഥാപിച്ചിരുന്നു.
ബലിപീഠത്തിന് വലതുവശത്തെ ഭിത്തിയില്‍ നിറയെ ചിഹ്നങ്ങള്‍ വരച്ചു ചേര്‍ത്തിരുന്നു. മുകളില്‍ കൈകളുള്ള പിരമിഡ്, കൊമ്പുകള്‍ക്കിടയില്‍ ഷഡ്ഭുജാകൃതി വരച്ചു ചേര്‍ത്ത ആട്ടിന്‍തല, ആകാശ ഗോളങ്ങള്‍ ഇവയുള്‍പ്പെടെ അനവധി നിഗൂഢചിഹ്നങ്ങളും ചിത്രങ്ങളും ഇവയില്‍ പെടുന്നു. വിവിധനിറത്തിലെ വരകളുള്ള ദണ്ഢുകള്‍ ഭിത്തിക്ക് അഭിമുഖമായി സ്ഥാപിച്ചിരുന്നു.
വിവിധതരത്തിലുള്ള കത്തികള്‍, നാല്പത് താടിയെല്ലുകള്‍, മുപ്പതിലധികം അസ്ഥികള്‍(കൈകളുടേയും കാലുകളുടേയും)എന്നിവയാണ് ഇവിടെ നിന്ന് ലഭിച്ചത്. ഗ്ലാസ് ഭരണിയില്‍ കണ്ടെത്തിയത് മനുഷ്യഭ്രൂണമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യശരീരാവശിഷ്ടങ്ങള്‍ ലഭിച്ച തലസ്ഥാനനഗരത്തിന്റെ സമീപപ്രദേശമായ ടെപിറ്റോ നിയമവിരുദ്ധപ്രവര്ത്തങ്ങള്ക്ക് കുപ്രസിദ്ധി നേടിയ സ്ഥലമാണ്.
Post Your Comments