News

മഞ്ഞാടിയിലേത് അന്തര്‍ദേശീയ നിലവാരമുള്ള കേന്ദ്രം: മന്ത്രി കെ. രാജു

അന്തര്‍ദേശീയ നിലവാരമുള്ള താറാവ് വളര്‍ത്തല്‍, കര്‍ഷക പരിശീലന കേന്ദ്രമാണ് മഞ്ഞാടിയിലേതെന്ന് വനം – വന്യജീവി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ഡക്ക് ഹാച്ചറി, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഗോ സമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിര്‍ണയ കേന്ദ്രം കാമ്പസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡക്ക് ഹാച്ചറി എന്നിവിടങ്ങളില്‍ ആവശ്യം വേണ്ട ജീവനക്കാരെ നിയമിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡക്ക് ഹാച്ചറി എന്നിവിടങ്ങളില്‍ കൂടുതല്‍ ജീവനക്കാര്‍ ആവശ്യമാണ്. പുതിയ കേന്ദ്രത്തില്‍ ഏതൊക്കെ തരത്തിലുള്ള ജീവനക്കാരെയാണ് വേണ്ടെതെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിക്കുന്ന മുറയ്ക്ക് തുടര്‍ നടപടി സ്വീകരിക്കും.

നിരണം ഡക്ക് ഫാമിലെ സൗകര്യങ്ങള്‍ നിലനിര്‍ത്തും. ഗോ സമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എല്ലാ ക്ഷീര കര്‍ഷകരും പങ്കാളികളാകണം. 28 ന് ചേരുന്ന മന്ത്രിസഭയില്‍ ഇന്ത്യ ആര്‍സി ഇ പി കരാറില്‍ ഒപ്പിടുവാന്‍ പാടില്ല എന്ന പ്രമേയം പാസാക്കി അയയ്ക്കും. അഥവാ ഒപ്പിട്ടാല്‍ ക്ഷീര, മൃഗ സംരക്ഷണ കര്‍ഷകരെ ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രത്തെ അറിയിക്കും. കേരളത്തില്‍ ക്ഷീര, മൃഗസംരക്ഷണ കര്‍ഷകര്‍ ഇരുപതുലക്ഷമാണ്. കേരളത്തിലെ കര്‍ഷകര്‍ക്കു വേണ്ടിയല്ല ഇന്ത്യയിലെ കര്‍ഷകര്‍ക്കു വേണ്ടിയാണ് ഈ നിവേദനമെന്നും മന്ത്രി പറഞ്ഞു. കേരളം പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടിയതുപോലെ മാംസം, മുട്ട എന്നിവയിലും സ്വയം പര്യാപ്തത പ്രാപ്തമാക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഏഴു കോടി രൂപ ചെലവിലാണ് ഡക്ക് ഹാച്ചറി, ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിര്‍മാണം. മൃഗ സംരക്ഷണ വകുപ്പിന്റെ അറിവുകള്‍ കര്‍ഷകരിലേക്ക് സമയബന്ധിതമായി എത്തിക്കാന്‍ ഉന്നത നിലവാരമുള്ള ഇന്‍സ്റ്റിറ്റ്യൂട്ടും സജ്ജമായിട്ടുണ്ട്. കര്‍ഷകര്‍ക്കും ഉരുക്കള്‍ക്കും ഒരേ സമയം ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന ആശയത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതാണ് ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി.

shortlink

Post Your Comments


Back to top button