കൊച്ചി: ദീപാവലി ദിനമായ ഇന്ന് ഓഹരി വിപണിയ്ക്ക് മുഹൂര്‍ത്ത വ്യാപാരം. ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള, ‘സംവത്-2076’ന് ഉത്തരേന്ത്യന്‍ ദീപാവലി ദിനമായ നാളെ തുടക്കമാകും. ഇതിനു മുന്നോടിയായുള്ള മുഹൂര്‍ത്ത വ്യാപാരം ഇന്ന് വൈകിട്ട് 6.15 മുതല്‍ 7.15വരെ ബി.എസ്.ഇയിലും (സെന്‍സെക്സ്) എന്‍.എസ്.ഇയിലും (നിഫ്റ്റി) നടക്കും
പുതുതായി ഓഹരികള്‍ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്താനും ഏറ്റവും ഐശ്വര്യപൂര്‍ണമെന്ന് നിക്ഷേപക ലോകം കരുതുന്ന മുഹൂര്‍ത്തമാണിത്. പുതിയ വീട്, സ്ഥലം, വാഹനം, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച സമയമെന്നും ഇത് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ പണ്ഡിതരാല്‍ കൃത്യമായി നിശ്ചയിക്കപ്പെട്ട സമയത്താണ് മുഹൂര്‍ത്ത വ്യാപാരം സംഘടിപ്പിക്കുന്നത്. ഐശ്വര്യദേവതയായ ലക്ഷ്മീദേവിക്ക് പൂജകള്‍ അര്‍പ്പിച്ചുകൊണ്ടാണ് മുഹൂര്‍ത്ത വ്യാപാരത്തിന് തുടക്കമാകുക. ദീപാവലി പ്രമാണിച്ച് നാളെ ഓഹരി വിപണികള്‍ക്ക് അവധിയാണ്.
കഴിഞ്ഞവര്‍ഷം ദീപാവലി മുതല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വരെ നീണ്ട സംവത് – 2075 വര്‍ഷത്തെ പ്രവര്‍ത്തന ദിനങ്ങളിലായി 4,066 പോയിന്റ് (11.62 ശതമാനം) നേട്ടമാണ് സെന്‍സെക്സ് കൊയ്തത്. നിഫ്റ്റി 1,053 പോയിന്റും (പത്തു ശതമാനം) മുന്നേറി. മൊത്തം എട്ടുലക്ഷം കോടി രൂപയുടെ വര്‍ദ്ധനയാണ് സംവത്-2075ല്‍ സെന്‍സെക്സിന്റെ മൂല്യത്തിലുണ്ടായത്.
Post Your Comments