തിരുവനന്തപുരം : മന്ത്രി ജി.സുധാകരന്റെ ‘പൂതന പ്രയോഗം’ അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനു പ്രയോജനം ചെയ്തുവെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ. ഷാനിമോൾ ഉസ്മാനെ പൂതനയോട് ഉപമിച്ചുള്ള വിവാദപ്രസംഗം ഒഴിവാക്കാമായിരുന്നുവെന്ന വിലയിരുത്തലാണു സെക്രട്ടേറിയറ്റിലുണ്ടായത്. തോൽവിക്ക് അതു കാരണമായിട്ടില്ല. എന്നാൽ തോൽവിയിലേക്കു നയിച്ച പല ഘടകങ്ങളിൽ ഇതും പെടും.
എന്നാൽ അരൂരിലെ തോൽവിയുടെ മുന തനിക്കെതിരെ നീങ്ങുന്നുവെന്നു വന്നതോടെ തോൽവിക്കു ‘പൂതന’ കാരണമായില്ലെന്നും തനിക്കെതിരെ ചിലർ പണം കൊടുത്തു വാർത്ത നൽകുകയാണെന്നും സെക്രട്ടേറിയറ്റ് യോഗത്തിനു മുൻപുതന്നെ സുധാകരൻ ആഞ്ഞടിച്ചു. ‘പൂതന’ തോൽവിക്കു വഴിവച്ചോയെന്നു ചോദിച്ചപ്പോൾ, എല്ലാ ഘടകങ്ങളും പരിശോധിക്കുമെന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത മന്ത്രി തോമസ് ഐസക്കിന്റെ ഒളിയമ്പ്.
ഇതോടെ ഭാഗവതത്തിലെ ‘പൂതന’ മാർക്സിസ്റ്റ് പാർട്ടിയെ വേട്ടയാടുന്ന കഥാപാത്രമായി മാറി..റോഡ് പണി തടഞ്ഞുവെന്ന പേരിൽ ഷാനിക്കെതിരെ കേസെടുത്തതും യുഡിഎഫ് അവിടെ ഉപയോഗപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ സഹതാപം പിടിച്ചുപറ്റാൻ ശ്രമിച്ചുകൊണ്ടിരുന്ന സ്ഥാനാർഥിയെ ഇതു രണ്ടും സഹായിച്ചെന്ന അഭിപ്രായം യോഗത്തിലുണ്ടായി.
Post Your Comments