കൊച്ചി: കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ. സിബിഐ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീൽ നല്‍കി. കേസില്‍ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമില്ല. കുറ്റപത്രം സമർപ്പിച്ചതാണ്. എല്ലാ പ്രതികളെയും പിടികൂടിയിട്ടുണ്ട്. ഗൂഢാലോചന അടക്കം മുഴുവൻ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമെണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അപ്പീൽ ചൊവ്വാഴ്ച ബെഞ്ച് പരിഗണിക്കും.
കൃത്യത്തിന് പിന്നിൽ സിപിഎമ്മിന്‍റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്ലാലിന്‍റെയും മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് രണ്ടാഴ്ച മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിർദ്ദേശം.അതോടൊപ്പം ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 17 ന് ആയിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Post Your Comments