ജിദ്ദ: മദീന ബസ് ദുരന്തത്തില്‍ മരിച്ചവരെ ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു. അപകടത്തില്‍ ഏഴ് ഇന്ത്യക്കാർ മരിച്ചതായി അധികൃതർ മുൻപ് അറിയിച്ചിരുന്നു. എന്നാൽ രണ്ട് പേർ കൂടി മരിച്ചതായാണ് റിപ്പോർട്ട്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നൗഷാദ് അഹമ്മദ്, ജമ്മു കാശ്മീരില്‍ നിന്നുള്ള ഗുല്‍ഫറാസ് അഹമ്മദ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേ സമയം മരിച്ച ഇന്ത്യാക്കാരില്‍ ഏഴുപേരും ലുലു ഹൈപര്‍മാര്‍ക്കറ്റിന്റ റിയാദ് മുറബ്ബ ശാഖയിലെ ജീവനക്കാര്‍ ആണ്.
കഴിഞ്ഞ 17നാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. റിയാദില്‍ നിന്ന് ഒരു സ്വകാര്യ ഉംറ ഗ്രൂപ്പിന് കീഴില്‍ പുറപ്പെട്ട ഇവര്‍ മദീനയിലെത്തി അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിക്കുമ്പോഴാണ് അപകടം നടന്നത്. മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ച ബസില്‍ തീയാളിപ്പടര്‍ന്ന് തല്‍സമയം 35 യാത്രക്കാര്‍ വെന്തു മരിക്കുകയായിരുന്നു. ഒൻപത് പൗരന്മാരെ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സഊദി അധികൃതരെ അറിയിച്ചിരുന്നു. ആ പട്ടിക പുറത്തുവിട്ട പശ്ചാത്തലത്തില്‍ ഏഴുപേര്‍ ലുലു ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞതായി ലുലു സഊദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് അറിയിച്ചു. ബിഹാര്‍ മുസാഫര്‍പൂരിലെ ബാരുരാജ് മഹ്മദ സ്വദേശി അഷ്‌റഫ് ആലം, പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് സ്വദേശി മുഹമ്മദ് മുഖ്താര്‍ അലി ഗാസി, ഉത്തര്‍പ്രദേശുകാരായ ത്സാന്‍സി ദാദിയ പുര സ്വദേശി ഫിറോസ് അലി, ബാര്‍ലി ചാന്ദ് സ്വദേശി അഫ്താബ് അലി, നൗഷാദ് അലി, സീഷാന്‍ ഖാന്‍, അസംഖഢ് സ്വദേശി ബിലാല്‍ എന്നിവരാണ് ഈ ഏഴുപേർ.
Post Your Comments