തിരുവനന്തപുരം: വട്ടിയൂക്കാവില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.മോഹന്‍കുമാറിനെ സിപിഎം പ്രവര്‍ത്തകര്‍ കൂവലുമായി വളഞ്ഞു. യുഡിഎഫിന് മേല്‍ക്കയ്യുള്ള മണ്ഡലങ്ങള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 7000 വോട്ടുകള്‍ക്ക് പ്രശാന്ത് ലീഡ് ചെയ്യുന്നു എന്നറിഞ്ഞ ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രമായ പട്ടം സെന്റ് മേരീസ് സന്ദര്‍ശിച്ചത്. വാഹനം ഗേറ്റിനടുത്തെത്തിയപ്പോഴേക്കും ആഹ്ലാദാരവം മുഴക്കി കാത്തുനിന്ന പ്രവര്‍ത്തകര്‍ കൂവലുമായി വാഹനത്തെ വളഞ്ഞു. വാഹനം തടഞ്ഞു നിര്‍ത്തി കൂവാന്‍ ശ്രമിച്ചവരെ സിപിഎം കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. കൂവലിന്റെ അകമ്പടിയോടെ അകത്തു കടന്ന വാഹനം നിന്നു.
വാഹനത്തില്‍ നിന്ന് മോഹന്‍കുമാര്‍ പുറത്തേക്ക് വന്നു. തന്നെ കൂവി വരവേറ്റ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം കൈ കൊടുത്തു. ”ഞാന്‍ അഡ്വ.മോഹന്‍ കുമാര്‍. ഇവിടത്തെ തോറ്റ സ്ഥാനാര്‍ഥിയാണ്. വണ്ടിയില്‍ തട്ടാനും ഒച്ചവയ്ക്കാനും ഞാനൊരു സാമൂഹികവിരുദ്ധനല്ല. ജയവും തോല്‍വിയും തിരഞ്ഞെടുപ്പില്‍ സ്വാഭാവികമാണല്ലോ. ഇത്തവണ തോറ്റുപോയി. എന്നുകരുതി പിടിച്ചുനിര്‍ത്തി കൂവുന്നതൊക്കെ പഴയ ശൈലിയല്ലേ? ആരു തോറ്റാലും നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ ഇതു ചെയ്യരുത്.
” ഇതൊടെ കൂവിയ പ്രവര്‍ത്തകരെല്ലാം നിശബ്ദരാവുകായായിരുന്നു. തുടര്‍ന്ന് വോട്ടെടുപ്പ് കേന്ദ്രത്തിലേക്ക് പോയ മോഹന്‍കുമാര്‍ പ്രശാന്തിന്റെ വിജയം പൂര്‍ണമായും ഉറപ്പിക്കുന്ന രീതിയില്‍ വോട്ടുകള്‍ എണ്ണിത്തീരാറായ ശേഷമാണ് പിന്നെ പുറത്തേക്കു പോയത്. പിടിച്ചു നിര്‍ത്തി കൂവിയതിനു പകരം പ്രവര്‍ത്തകര്‍ നിശബ്ദം വഴിയൊഴിഞ്ഞു കൊടുത്തു. ഏവരെയും നോക്കി ചിരിച്ച് കൈവീശി കാണിച്ചാണ് പിന്നെ മോഹന്‍കുമാര്‍ മടങ്ങിയത്.
Post Your Comments