കൊച്ചി: കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്കുള്ള അതിമാരകമായ മയക്കുമരുന്ന് എത്തിയ്ക്കുന്നത് എവിടെനിന്നാണെന്ന് അറസ്റ്റിലായ യുവാവില്‍ നിന്ന് നിര്‍ണായക വിവരം. കേരളത്തിലെയ്ക്ക് ലഹരിമാഫിയ മയക്കുമരുന്ന് എത്തിക്കുന്നത് ബംഗ്ലാദേശില്‍ നിന്നാണെന്നാണ് ഇപ്പോള്‍ നിര്‍ണായക വിവര വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. പോത്തുകളെ ഉപയോഗിച്ചാണ് ഇടനിലക്കാര്‍ മാരക രാസലഹരി ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടത്തുന്നതെന്നും കേരളത്തിലെ എക്സൈസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം ആലുവയില്‍, ചൈനാ വൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിനുമായി പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഇംദാദുല്‍ ബിശ്വാസ് എന്നയാളെ എക്സൈസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ എക്സൈസിന് ലഭിച്ചത്.
ബംഗാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ജലംഗി കേന്ദ്രീകരിച്ചാണ് കോടികളുടെ ലഹരിക്കടത്ത്. ബ്രഹ്മപുത്രയുടെ കൈവഴിയായ പത്മ നദീതീര ഗ്രാമമാണ് ജലംഗി. പത്മാ നദിക്ക് അക്കരെ ബംഗ്ലാദേശാണ്. കാലി മേയ്ക്കാനെന്ന വ്യാജേന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പോത്തുകളെ ബംഗ്ലാദേശില്‍ എത്തിക്കും. ഈ പോത്തുകളുടെ ദേഹത്ത് ലഹരി പൊതികള്‍ പതിപ്പിച്ച് വൈകിട്ട് തിരികെ കൊണ്ടുവരികയാണ് ചെയ്യുന്നത്. പ്രതിദിനം ആയിരത്തിലധികം പോത്തുകളെയാണ് ഇത്തരത്തില്‍ ലഹരി കടത്തിന് ഉപയോഗിക്കുന്നത്. രാത്രിയായതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനും കഴിയില്ല. ഇങ്ങനെ കടത്തുന്ന ലഹരിവസ്തുക്കളാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ എത്തിക്കുന്നത്.
അന്താരാഷ്ട്ര ലഹരി മാര്‍ക്കറ്റില്‍ കോടികള്‍ വിലമതിക്കുന്ന രാസലഹരികള്‍ക്ക് ബംഗ്ലാദേശില്‍ തുച്ഛമായ വിലയാണുള്ളത്. പോത്തുകളെ ഉപയോഗിച്ച് കടത്തിക്കൊണ്ടുവരുന്ന ലഹരി മരുന്നുകള്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റും. പിന്നീട് ലഹരി സംഘത്തിലുള്ള കെമിസ്റ്റുകള്‍ ഇവ വീര്യത്തിന്റെ അനുപാതത്തില്‍ തരം തിരിക്കും. തുടര്‍ന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളായ ഇടനിലക്കാര്‍ വഴി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കും. പ്രധാനമായും റേവ് പാര്‍ട്ടികള്‍ നടത്തുന്ന ഇടപടുകാര്‍ക്കാണ് ലഹരി കൈമാറുന്നത്.
Post Your Comments