തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനം. അതേസമയം അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കൂടുതല്‍ ശക്തി പ്രാപിച്ചുവരികയാണെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ഇന്നലെ കനത്ത മഴയില്‍ മണ്ണിടിഞ്ഞും പാളങ്ങളില്‍ വെളളം കയറിയും തടസപ്പെട്ട ട്രയിന്‍ ഗതാഗതം ഇന്ന് പുനഃസ്ഥാപിച്ചേക്കും .
Read Also : കൊച്ചിയിൽ ‘ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’ വിജയകരം’; വെള്ളമിറങ്ങി
കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, ബാംഗ്ലൂര്‍ – എറണാകുളം എക്‌സ്പ്രസ് ട്രെയിനുകളും തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. കലൂര്‍ സബ്‌സ്റ്റേഷനില്‍ നിന്നുളള വൈദ്യുതി വിതരണം ഇന്ന്പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് 20 ദുരിതാശ്വാസ ക്യാമ്പുകളിലായി 30506 പേരാണുള്ളത്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങും. തുടര്‍ന്ന് ഇരുപത്തിനാലാം തിയതിയോടെ ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്കാകും സഞ്ചരിക്കുക.
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാല്‍ ഇന്നും പലയിടങ്ങളിലും 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകും. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്.
Post Your Comments