ന്യുഡല്‍ഹി : കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയ പ്രവാസികളുടെ എണ്ണം എത്രയെന്നുള്ള റിപ്പോര്‍ട്ട് പുറത്ത്. ഒരു ലക്ഷത്തോളം പ്രവാസി വോട്ടര്‍മാര്‍ ഉള്ളതില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തവര്‍ കാല്‍ ലക്ഷം പേര്‍ മാത്രമാണ്. അതില്‍ ഭൂരിഭാഗവും മലയാളികളും
തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കു പ്രകാരം വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയിലുള്ളത് 99,807 പ്രവാസി വോട്ടര്‍മാര്‍. പുരുഷന്മാര്‍- 91,850, സ്ത്രീകള്‍-7943, ട്രാന്‍സ്‌ജെന്‍ഡറുകള്‍-14. ഇതില്‍ വോട്ടു ചെയ്തവര്‍ 25,606 പേര്‍ : പുരുഷന്മാര്‍-24,458, സ്ത്രീകള്‍-1148. ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളതും കൂടുതല്‍ പേര്‍ വോട്ടവകാശം വിനിയോഗിച്ചതും കേരളത്തിലാണ്. ആകെ 85,161 പേരില്‍ 25,091 പേര്‍ നാട്ടിലെത്തി വോട്ടു ചെയ്തു.
ഡല്‍ഹിയില്‍ 336 വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. ഒരാള്‍ പോലും വോട്ടു ചെയ്തില്ല. പുതുച്ചേരിയിലും ആകെയുള്ള 272 പേരില്‍ ആരും വോട്ടു ചെയ്തില്ല. ബംഗാളിലെ 34 പ്രവാസി വോട്ടര്‍മാരും വോട്ടെടുപ്പിന് എത്തിയില്ല. പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് അനുവദിക്കുന്ന ബില്‍ കഴിഞ്ഞ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. 16-ാം ലോക്‌സഭ പിരിച്ചുവിട്ടതോടെ ബില്‍ അസാധുവായി. ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നിയമമന്ത്രാലയത്തിന്റെ നിര്‍ദേശം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്.
Post Your Comments