സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതോടെ വിവിധ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് മഴ ശക്തമായിരിക്കുന്നത്. ജനങ്ങള്‍ക്ക് പോളിങ് ബൂത്തുകളിലേക്ക് എത്തിപ്പെടാന്‍ പോലും പറ്റാത്ത സാഹചര്യങ്ങളാണ് നിലവില്‍. പോളിങ് നിര്‍ത്തിവെക്കേണ്ട അവസ്ഥപോലും ചിലയിടങ്ങളിലുണ്ട്.
മഞ്ചേശ്വരം ഒഴികെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബാക്കി 4 നിയമസഭ മണ്ഡലങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് എറണാകുളത്തെ ആറ് ബൂത്തുകള്‍ നിലവില്‍ നേരത്തെ മാറ്റി സ്ഥാപിച്ചിരുന്നു. മിക്ക ബൂത്തുകളിലും ആദ്യമണിക്കൂറില്‍ പോളിംഗ് മന്ദഗതിയിലാണ്. അരൂരിലും കോന്നിയിലും പല ബൂത്തുകളിലും വൈദ്യുതിബന്ധം തകരാറിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊച്ചിയിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കയാണ്.പലയിടത്തും ഗതാഗതം സ്തംഭിച്ചു.റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ട്രയിന്‍ ഗതാഗതവും തടസപ്പെട്ടു. കാറ്റിന്റെ വേഗത വര്‍ധിച്ചതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് വിലക്കിയിട്ടുണ്ട്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗികമായോ പൂര്‍ണ്ണമായോ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവയടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് മാറ്റമില്ല. തൃശ്ശൂരില്‍ ഉച്ചയ്ക്ക് ശേഷം സ്‌കുളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണ്. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. കോളേജുകള്‍ക്ക് അവധിയില്ല. കനത്ത മഴ മൂലം പല ഭാഗത്തും രൂപപ്പെട്ട വെള്ളക്കെട്ടിന്റെയും ഗതാഗത തടസ്സങ്ങളുടേയും പശ്ചാത്തലത്തില്‍ കൊല്ലത്ത് കൊട്ടാരക്കര താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. സിബിഎസ്ഇ, ഐസിഎസി തുടങ്ങി എല്ലാ സിലബസിലും പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. അങ്കണവാടികള്‍ തുറക്കുമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച സര്‍വ്വകലാശാല/ബോര്‍ഡ്/പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
READ ALSO: കനത്തമഴയില്‍ മുങ്ങി എറണാകുളം; പോളിങ് മാറ്റിവെച്ചേക്കും
സംസ്ഥാനത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇന്നും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ നാളെയും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22ആം തിയതി എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കനത്ത മഴ നിര്‍ത്താതെ പെയ്യുന്നതിനെ തുടര്‍ന്ന് എറണാകുളത്ത് സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. സൗത്ത് സ്റ്റേഷനില്‍ വെള്ളംകയറിയതോടെ വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ പിടിച്ചിട്ടുണ്ട്. പിറവം-വൈക്കം റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. മണ്ണ് നീക്കാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരുമെന്നാണ് വിവരം.
കൊച്ചിയില്‍ എംജി റോഡ്, ഇടപ്പള്ളി, സൗത്ത്, നേര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്റ്, സ്റ്റേഡിയം എന്നിവിടങ്ങളില്‍ വലിയതോതിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടത് റോഡ് ഗതാഗതത്തെയും തടസ്സപ്പെടുത്തിയിട്ടുണ്ട്.
Post Your Comments