Latest NewsKeralaNews

പച്ചക്കറികളിലേയും പഴവര്‍ഗങ്ങളിലേയും കീടനാശിനി സാന്നിധ്യത്തെ കുറിച്ച് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്

തൃശൂര്‍: സംസ്ഥാനത്ത് പച്ചക്കറികളിലേയും പഴവര്‍ഗങ്ങളിലേയും കീടനാശിനി
സാന്നിധ്യത്തെ കുറിച്ച് റിപ്പോര്‍ട്ട് പുറത്ത്. കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ തോതു കുറവെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിനു പുറത്തു നിന്നെത്തുന്ന ജീരകം മുതല്‍ കോളിഫ്ളവര്‍ വരെ സകലതിലും കൊടിയ വിഷമാണെന്നാണ് റിപ്പോര്‍ട്ട്. കറിവേപ്പിലയിലാകട്ടെ പത്തോളം കീടനാശിനികള്‍! കൃഷി വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി തയാറാക്കുന്ന പദ്ധതിയുടെ 2019-20 വര്‍ഷത്തെ അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ശ്രദ്ധേയമായ കണ്ടെത്തലുകളുള്ളത്.

കേരളത്തിലെ കര്‍ഷകരില്‍ നിന്നു നേരിട്ടു ശേഖരിച്ച പച്ചക്കറി സാമ്പിളുകളില്‍ 20 ശതമാനത്തില്‍ താഴെയാണു രോഗ കീടനാശിനി അവശിഷ്ടം. എന്നാല്‍, പുറത്തു നിന്നെത്തുന്നവ അത്ര സുരക്ഷിതമല്ലെന്നാണു റിപ്പോര്‍ട്ട്. ഈ സാമ്പികളുകളില്‍ അനുവദനീയമല്ലാത്ത ഒട്ടേറെ രോഗ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. വെണ്ടയ്ക്ക, പച്ചമുളക് തുടങ്ങിയ ഒട്ടു മിക്ക പച്ചക്കറികളിലും അസ്ഫേറ്റ്, ഇമിഡാ ക്ലോഫ്രിഡ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. മോണോ ക്രോട്ടോഫോസിന്റെ സാന്നിധ്യം മുരിങ്ങക്കയിലുണ്ട്. കേരളത്തില്‍ നിരോധിച്ച പ്രൊഫനോഫോസ് എന്ന കീടനാശിനിയാണ് കോളിഫ്ളവറില്‍ കണ്ടത്.

ജൈവ പച്ചക്കറി എന്ന പേരില്‍ വില്‍ക്കുന്നവയിലും കീടനാശിനി അംശം ഉണ്ടെന്നതാണു റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. ജൈവ വിപണിയില്‍ നിന്നുള്ള വെണ്ടയ്ക്ക, തക്കാളി, കാപ്സിക്കം, വെള്ളരി, പടവലം, പയര്‍ എന്നിവയില്‍ കീടനാശിനികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ജൈവ പഴ വര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയില്‍ വിഷാംശം കണ്ടെത്താനായില്ല. ഇക്കോ ഷോപ്പുകളില്‍ നിന്നുള്ള സാംപിളുകളാണ് ഏറ്റവും സുരക്ഷിതം എന്നു കണ്ടെത്തിയത്.

പഴവര്‍ഗങ്ങളില്‍ പച്ച മുന്തിരിയിലാണ് ഏറെ കീടനാശിനി അവശിഷ്ടം. പുറത്തു നിന്നെത്തുന്നതില്‍ പെരുംജീരകം, ജീരകം എന്നിവ അപകടകാരികളാണ്.

കുമ്പളം, വഴുതന, ചേമ്പ് കറിവേപ്പില, മരച്ചീനി, ചതുരപ്പയര്‍, പീച്ചിങ്ങ മുതലായവ സുരക്ഷിതമാണ്.

പച്ചച്ചീര, ചുവപ്പു ചീര, പാവല്‍, വെണ്ട, കാബേജ്, മുളക്, സാലഡ് വെള്ളരി, പടവലം, പയര്‍, വെണ്ടയ്ക്ക, വഴുതന, കത്തിരി, പച്ചമുളക്, മുരിങ്ങക്ക, കോളിഫല്‍വര്‍ എന്നിവയിലാണ് കീടനാശിനി അംശം ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button