തിരുവനന്തപുരം : കാര്‍ഷിക കടാശ്വാസം, അപേക്ഷകള്‍ നല്‍കുന്നതിനുള്ള തിയതിയെ കുറിച്ച് വീണ്ടും അറിയിപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസത്തിനായി വ്യക്തിഗത അപേക്ഷകള്‍ നല്‍കുന്നതിനുള്ള തീയതി വീണ്ടും നീട്ടിയതായി അറിയിപ്പ്. 2019 നവംബര്‍ 15 വരെയാണ് സമയം നീട്ടിയിരിക്കുന്നത്.
പ്രളയത്തിന് ശേഷം കടക്കെണിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനുള്ള പദ്ധതി വേണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് കടാശ്വാസ പരിധി ഉയര്‍ത്തിയത്. ഇടുക്കി, വയനാട് ജില്ലകളിലായി 15 കര്‍ഷകരാണ് സമീപകാലത്ത് ആത്മഹത്യ ചെയ്തത്.
കടക്കെണിയിലായ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായി കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്തി കഴിഞ്ഞ ജൂലൈയില്‍ മന്ത്രിസഭാ തീരുമാനം ആയിരുന്നു. സഹകരണ ബാങ്കുകളിലെ കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ആഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2014 ഡിസംബര്‍ 31 വരെയുമെടുത്ത കാര്‍ഷിക വായ്പകളെയാണ് പരിധിയില്‍ കൊണ്ടുവന്നത്. നേരത്തെ ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകളാണ് പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ഒക്ടോബര്‍ 10 വരെയായിരുന്നു അന്ന് സമയം അനുവദിച്ചിരുന്നത്.
Post Your Comments