ന്യൂഡൽഹി: വായ്പകള്‍ സംബന്ധിച്ച് ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് നല്‍കുന്ന കണക്കുകളില്‍ കൃത്രിമം കാണിച്ചാൽ ഇനി പിടി വീഴും. റിസര്‍വ് ബാങ്ക് ഇത്തരം കണക്കുകൾ ഇനി വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും. വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും നല്‍കുന്ന കണക്കുകളില്‍ കൃത്രിമത്വം കടന്നുകൂടുന്നുണ്ടോയെന്ന് അറിയാനാണ് റിസര്‍വ് ബാങ്ക് പരിശോധന.
മുന്‍കൂട്ടി തയാറാക്കി നല്‍കുന്ന ചോദ്യാവലിക്ക് അനുസൃതമായാണ് വാണിജ്യ ബാങ്കുകള്‍ ആര്‍ബിഐക്ക് വിവരം നല്‍കുന്നത്. സഹകരണ ബാങ്കുകള്‍ ഇ മെയില്‍ വഴിയും. പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐയുടെ കേന്ദ്രീകൃത സംവിധാനത്തിലേയ്ക്ക് എല്ലാ മാസവും വിവരങ്ങള്‍ നല്‍കണമെന്ന് സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കിംഗ് മേഖലയില്‍ നടക്കുന്ന വായ്പാ തട്ടിപ്പുകള്‍ റിസര്‍വ് ബാങ്കിന് കണ്ടെത്താനാവാതെ പോകുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു പരിശോധന നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
അതേസമയം, പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്രാ ബാങ്ക് ( പിഎംസി) 70 ശതമാനം വായ്പ ഒരു സ്ഥാപനത്തിനു മാത്രം നല്‍കിയിട്ടും ഇത് കണ്ടെത്താന്‍ ആര്‍ബിഐയ്ക്ക് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആര്‍ബിഐ പുതിയ നടപടികളിലേക്ക് കടക്കുന്നതെന്നാണ് സൂചന.
Post Your Comments