ഇന്ത്യയിൽ 2019 ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതോടെ പല വാഹന നിർമാണ കമ്പനികൾ ചില മോഡലുകള്‍ വിപണിയിൽ നിന്നും പിൻവലിക്കുകയും, ചിലതിനെ പരിഷ്കരിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഈക്കോയുടെ സുരക്ഷയും, വിലയും വർദ്ധിപ്പിച്ചു. പുതിയ സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ് VI എന്‍ജിനും എത്തുന്നതോടെ ഈക്കോ നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ അതിന് വിപരീതമായി ഇവയെല്ലാം ഉൾപ്പെടുത്തി വാഹനത്തെ വിപണിയിൽ നില നിർത്തിയിരിക്കുകയാണ് മാരുതി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനാവാത്തതിനെ തുടര്‍ന്ന് നിരത്തിൽ താരമായിരുന്ന ഒമ്നി എന്ന മോഡലിനെ നേരത്തെ പിൻവലിച്ചിരുന്നു.
ഇക്കോയുടെ രൂപത്തില്‍ വലിയ മാറ്റമില്ല. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുത്തേണ്ടതിനാല്‍ ആള്‍ട്ടോയിലേതിന് സമാനമായ പുതിയ സ്റ്റിയറിങ് വീലാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഭാവിയില്‍ നടപ്പാക്കാനിരിക്കുന്ന ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ കഴിയുന്ന ദൃഢമായ മെറ്റലുകള്‍ കൊണ്ട് മുന്‍ഭാഗത്തെ പുതുക്കയിട്ടുണ്ട് . എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയും ഉൾപ്പെടുത്തി. മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റങ്ങൾ വരുത്തിയിട്ടില്ല. 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. അതേസമയം ബിഎസ് VI എഞ്ചിനോടുകൂടിയ ഏതാനും വാഹനങ്ങളെ മാരുതി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. അധികം വൈകാതെ ഈക്കോ മോഡലിനെയും ബിഎസ് VI എഞ്ചിനോടെ വിപണിയില്‍ എത്തിക്കും.
പുതിയ ഈക്കോയുടെ വിവിധ വകഭേദങ്ങളുടെ അടിസ്ഥാനത്തിൽ 6,000 രൂപ മുതല്‍ 9,000 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്. നിലവില്‍ ഈക്കോ മോഡലുകള്‍ക്ക് 3.61 ലക്ഷം രൂപ മുതലാണ് വില. ഈക്കോ കെയറിന് 6.61 ലക്ഷം രൂപയും. പുതുക്കിയ വിലയില്‍ ഉടന്‍തന്നെ ഔദ്യോഗിക വില്‍പ്പന ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇനി ബിഎസ് VI എന്‍ജിനിലും കൂടി ഈക്കോ എത്തുന്നതോടെ വിലയിൽ നേരിയ വര്‍ധനവ് ഇനിയും പ്രതീക്ഷിക്കാം.
Also read : എക്‌സൈഡ് നിയോ; പ്രമുഖ ബാറ്ററി നിര്‍മാതാക്കളുടെ ഇലക്ട്രിക് റിക്ഷ എത്തി
Post Your Comments