കോന്നി: സർക്കാർ പൊതു ഖജനാവിൽ നിന്ന് വരുമാന നഷ്ടം നികത്താൻ ദേവസ്വം ബോർഡിന് നൂറു കോടി കൊടുത്തെന്നു പറയുന്നതു തന്നെ പിണറായി വിജയൻറെ പിടിപ്പു കേടിന് ഉദാഹരണമാണെന്നും, ദേവസ്വം ബോർഡിന് വരുമാന നഷ്ടം വന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങൾക്കറിയാമെന്നും കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ. ശബരിമലയിൽ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കുകയും ഭക്തരിൽ ഭീതി പരത്തുകയും ചെയ്ത് സ്വസ്ഥമായ ദർശന സൗകര്യം നിഷേധിച്ചത് കൊണ്ടാണ് ദേവസ്വം ബോർഡിന് വരുമാന നഷ്ടമുണ്ടായത്.ഈ പണം പൊതു ജനങ്ങൾ എന്തിനു സഹിക്കണം? ഇത് പിണറായി വിജയനും, കടകം പള്ളി സുരേന്ദ്രനും തങ്ങളുടെ തറവാട്ടിൽ നിന്ന് എടുത്തു കൊടുക്കുകയാണ് വേണ്ടത്. എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രന്റെ പ്രചരണാർത്ഥം മലയാലപ്പുഴയിൽ സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലക്കായി 1276 കോടി കൊടുത്തെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തങ്ങളല്ല ഞങ്ങളാണ് കൂടുതൽ കൊടുത്തതെന്ന് കോൺഗ്രസ്സുകാർ പറയുന്നു. ട്രാൻഫോർമാർ വച്ചതും റോഡ് ടാർ ചെയ്തതും ശബരിമലയുടെ പേരിൽ പറയുകയാണെന്നാണ് മനസ്സിലാക്കുന്നത്. പണം ചിലവഴിച്ചെങ്കിൽ അതിന്റെ ഗുണ ഭോക്താക്കളാകേണ്ടത് ഭക്തന്മാരാണ്. ശബരിമലയിൽ എന്തെങ്കിലും തരത്തിലുള്ള സൗകര്യ വികസനം നടന്നതായി അവിടെ പോകുന്ന ഭക്തർക്ക് അനുഭവമില്ല. വെറുതെ ചില കണക്കുകൾ പറഞ്ഞു രണ്ടു കൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമലയുടെ കാര്യത്തിൽ അന്നും ഇന്നും ഞങ്ങൾക്ക് ഒരേ നിലപാടാണ്. ആചാര സംരക്ഷണത്തിനായി കെ സുരേന്ദ്രനോളം പോരാടിയ മറ്റൊരാളില്ലെന്ന് കോന്നിയിലെ ജനങ്ങൾക്കറിയാം.
ALSO READ: ഹിന്ദു സമാജ് പാർട്ടി സ്ഥാപകന്റെ കൊലപാതകം; പൊലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു
മാർക്കുദാനം സ്ഥിരമായി ഉയരുന്ന വിവാദമായി മാറി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഉന്നത നിലവാരം പോയിട്ട് നിലവാരമേ ഇല്ലാതായി. സമഗ്രമായി അന്വേഷണം നടത്തണമെന്ന് പറയുമ്പോൾ യു ഡി എഫ് പറയുന്നത് മൂന്നു വർഷത്തെ കാര്യം മാത്രം അന്വേഷിച്ചാൽ മതിയെന്നാണ്. അവരുടെ കാലത്തും മാർക്കുദാനം നടന്നിട്ടുണ്ട്. സി പി എം കാരായതുകൊണ്ടാണ് യൂണിവേഴ്സിറ്റി കോളേജിലെ വിഷയത്തിൽ ജയിലിൽ കിടക്കുന്നവർക്കു റാങ്ക് കിട്ടിയത്. ഇതാണ് ഇന്നത്തെ വിദ്യാഭ്യാസ നിലവാരം. 20 വര്ഷം മുമ്പ് എയിംസിൽ പഠിക്കുന്ന 90 ശതമാനം നഴ്‌സ് മലയാളികളായിരുന്നു. ഇന്ന് പത്തു ശതമാനം പോലും മലയാളികളില്ല. അത്രമാത്രം കേരളത്തിലെ വിധ്യാഭ്യാസം മാറി.
ALSO READ: ഹിന്ദു സമാജ് പാർട്ടി സ്ഥാപകനെ തീവ്രവാദികൾ വെടിവെച്ച് കൊന്നു
പാലാ തെരെഞ്ഞെടുപ്പ് കാലത്ത് പാലാരി വട്ടം അഴിമതിയിൽ പലരും സർക്കാരിന്റെ ചോറുണ്ണുമെന്നു പറഞ്ഞു നടക്കുകയായിരുന്നു പിണറായി വിജയൻ. സുമിത് ഗോയലിനു എട്ടേകാൽ കോടി രൂപ മന്ത്രി ഇടപെട്ടു കൊടുത്ത് എന്ന് ടി ഓ സൂരജ് മൊഴിയിലും, സത്യവാങ്മൂലത്തിലും പറഞ്ഞു. ഉടനെ അറസ്റ്റു നടക്കും എന്ന് പറഞ്ഞു പറഞ്ഞു പാലാ തെരെഞ്ഞെടുപ്പ് കഴിഞ്ഞു. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇനിയും അന്വേഷണം നടക്കില്ല. കാരണം ഐസ്ക്രീം കേസ് മുതൽ പിണറായി വിജയനും യു ഡി എഫ് നേതാക്കളും തമ്മിൽ രഹസ്യ ധാരണയുണ്ട്. ഈ ധാരണയാണ് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നത്. ഇതിനു മാറ്റം കുറിക്കുന്നതിനുള്ള തുടക്കമാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഇരു കൂട്ടരും നടത്തുന്ന അഴിമതികൾ നിയമസഭയിൽ നട്ടെല്ല് നിവർന്നു നിന്ന് ചോദിക്കാൻ കെ സുരേന്ദ്രനോളം പോരുന്ന ആരുമില്ല. ഭരണകക്ഷി എം എൽ എ മാർക്ക് മുഖ്യമന്ത്രിയെ കാണാൻ പേടിയാണ്. കൊള്ളരുതായ്മകൾ ചോദിക്കാൻ കോൺഗ്രസ്സിന്റെ എം എൽ എ മാർക്ക് പേടിയാണ്. ഈ സാഹചര്യമാണ് കെ സുരേന്ദ്രനെ പോലൊരാൾ നിയമസഭയിൽ ഉണ്ടായിരിക്കേണ്ട ആവശ്യകതഎന്നും വി മുരളീധരൻ പറഞ്ഞു.
യോഗത്തിൽ നിരവധി നിവേദനങ്ങളാണ് കേന്ദ്ര മന്ത്രിക്കു ലഭിച്ചത്. ബി ജെപി പഞ്ചായത്തു കമ്മിറ്റി പ്രസിഡണ്ട് കെ മുരളീധരകുറുപ്പ് അധ്യക്ഷത വഹിച്ചു. എൻ ഡി എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബിജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ജി രാമൻ നായർ ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പദ്മകുമാർ, ബി ജെ പി ജില്ലാ പ്രസിഡണ്ട് അശോകൻ കുളനട, മധ്യ മേഖല ജെനെറൽ സെക്രട്ടറി പി വേണുഗോപാൽ, വിജയ കുമാർ മണിപ്പുഴ, ഷാജി ആർ നായർ, എസ് ഹരികൃഷ്ണൻ, മനോജ് ജി പിള്ള, പി ആർ ഷാജി, വി എസ് ഹരീഷ് ചന്ദ്രൻ, ഓമനക്കുട്ടൻ, ബിന്ദു ഹരികുമാർ, എസ് സേതുനാഥ്, വി അനിൽ, സുരേഷ്, കെ പി ഹരിദാസ്, വെട്ടൂർ സന്തോഷ്, ശ്രീകല പി എൻ തുടങ്ങിയവർ സംസാരിച്ചു
Post Your Comments