Latest NewsKeralaNews

വീണ്ടും ശബരിമല ചവിട്ടാനൊരുങ്ങി നിരവധി യുവതികള്‍, അണിയറയില്‍ നീക്കം ശക്തം; ബിന്ദു അമ്മിണിയുടെ പത്രസമ്മേളനം നാളെ

പത്തനംതിട്ട: ശബരിമലയില്‍ വീണ്ടും ആചാരംലംഘനം നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ തവണ ആചാര ലംഘനം നടത്തിയ ബിന്ദു അമ്മിണി ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും ശബരിമലയിലേക്ക് എത്തുമെന്നും ഇതിനുള്ള ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ബിന്ദു അമ്മിണി നാളെ ഉച്ചയ്ക്ക് പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്. തുലമാസ പൂജകള്‍ക്കായി നട തുറന്ന അവസരത്തില്‍ ശബരിമല ചവിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ബിന്ദു വീണ്ടുമെത്തുന്നതെന്നാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിമലയിലും പമ്പയിലും പോലീസ് സുരക്ഷ ശക്തമാക്കി. മുന്‍ കാലങ്ങളെ അപേക്ഷിച്ച് കനത്ത സുരക്ഷയാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. മൂന്ന് എസ്.പിമാരുടെ കീഴില്‍ 500 പോലീസുകാരെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ട്. മണിയാര്‍ എആര്‍ ക്യാമ്പില നിന്നുള്ള പോലീസുകാരെയും നാളെ പത്തനംതിട്ട നഗരത്തില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ബിന്ദു അമ്മിണിയുടെ പത്തനംതിട്ടയിലെ പരിപാടികള്‍ എന്താണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ബിന്ദു വീണ്ടും പത്തനംതിട്ടയില്‍ വരുമെന്ന് പ്രഖ്യാപിച്ചതോടെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് എസ്പിമാര്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കഴിഞ്ഞ മണ്ഡല കാലത്ത് രാത്രിയുടെ മറവില്‍ ബിന്ദുവും കനകദുര്‍ഗയും മലചവിട്ടിയത് പോലീസിന്റെ സഹായത്തോടെയായിരുന്നു. എന്ത് പ്രത്യാഘാതം ഉണ്ടായാലും ഇവര്‍ക്ക് സുരക്ഷ ലഭിക്കുമെന്ന ഉറപ്പിന്മേലായിരുന്നു ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും ശബരിമല ദര്‍ശനം. ഇത്തവണയും പത്തനംതിട്ടയില്‍ എത്തുന്ന ബിന്ദുവിന് സുരക്ഷ നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി. ബിന്ദു ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ വീണ്ടും ശ്രമിക്കുകയാണെങ്കില്‍ ശക്തമായി തടയുമെന്ന് നിലപാടിലാണ് വിശ്വാസികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button