അബുദാബി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്റെ അബുദാബി സന്ദര്‍ശനത്തില്‍ ആണവസുരക്ഷ ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ പ്രധാന ചര്‍ച്ചയായി. മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള പദ്ധതികളുടെ ഭാഗമായി ആണവസുരക്ഷയുറപ്പാക്കി ഇരു രാജ്യങ്ങളുടെയും വിവിധമേഖലകളില്‍ സഹകരിച്ചുകൊണ്ടുള്ള ഉടമ്പടികളില്‍ ഒപ്പുവെച്ചു.
ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയവും സുരക്ഷിതത്വവും സാമ്പത്തികപരിതസ്ഥിതിയും വ്‌ളാഡിമിര്‍ പുതിന്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക ഉടമ്പടികളില്‍ ഒപ്പുവെച്ചത്. ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയവും സുരക്ഷിതത്വവും സാമ്പത്തിക പരിസ്ഥിതിയും ചര്‍ച്ച ചെയ്തു.
തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേയുള്ള പോരാട്ടത്തില്‍ ഒന്നിച്ച് നിലകൊള്ളുമെന്നും സമുദ്ര സുരക്ഷയുറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുമെന്നും ഭരണാധികാരികള്‍ വ്യക്തമാക്കി. ബഹിരാകാശശാസ്ത്രരംഗങ്ങളില്‍ അറിവ് പങ്കുവെക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും രാജ്യങ്ങള്‍ തയ്യാറാവും.
ഊര്‍ജമേഖലയിലെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും റഷ്യന്‍ എനര്‍ജി ഏജന്‍സിയും ധാരണാപത്രം ഒപ്പിട്ടു. അഡ്നോക് അപ്സ്ട്രീം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍മുയ്നിമും റഷ്യന്‍ എനര്‍ജി ഏജന്‍സി മേധാവി ഒലെഗ് വലേരിവിച്ച് ഷ്ദനീവം തമ്മിലാണ് ധാരണയായത്. അബുദാബിയിലെ എണ്ണപര്യവേക്ഷണത്തിലും ഉത്പന്നവിപണനത്തിലും അഡ്നോക്കിന് റഷ്യന്‍ ഏജന്‍സി സഹായം നല്‍കും. കൃത്രിമബുദ്ധിയുപയോഗപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് റഷ്യ യു.എ.ഇ. പങ്കാളിത്തം ഉറപ്പാക്കുന്ന ഉടമ്പടിയും ഒപ്പുവെച്ചു. അഡ്‌നോകും റഷ്യന്‍ പബ്ലിക് സ്റ്റോക്ക് ജോയന്റ് കമ്പനിയായ ഗാസ്‌പോം നെഫ്റ്റുമായാണ് ഉടമ്പടി. അഡ്‌നോക് സി.ഇ.ഒ.യും സ്റ്റേറ്റ് മന്ത്രിയുമായ സുല്‍ത്താന്‍ അല്‍ ജാബറും നെഫ്റ്റ് മാനേജ്‌മെന്റ് ബോര്‍ഡ് അംഗവും ഡെപ്യൂട്ടി സി.ഇ.ഒ.യുമായ വ്‌ലാഡിസ്ലാവ് ബാരിഷ്‌നികോവുമാണ് ഉടമ്പടി ഒപ്പുവെച്ചത്. ആണവോര്‍ജ രംഗത്തെ സഹകരണവും സമാധാനവും ഉറപ്പാക്കുന്ന ഉടമ്പടിയില്‍ എമിറേറ്റ്‌സ് ആണവോര്‍ജ കോര്‍പ്പറേഷനും റഷ്യന്‍ സ്റ്റേറ്റ് അറ്റോമിക് എനര്‍ജി കോര്‍പ്പറേഷനും തമ്മില്‍ ധാരണയായി. എമിറേറ്റ്‌സ് ആണവോര്‍ജ കോര്‍പ്പറേഷന്‍ സി.ഇ.ഒ. മുഹമ്മദ് അല്‍ ഹമാദിയും റഷ്യന്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ അലക്സി ലികാചേവും ഉടമ്പടി ഒപ്പിട്ടു. യു.എ.ഇ.യുടെ വികസനരംഗങ്ങളിലെ പ്രവര്‍ത്തനങ്ങളെ വാളാഡിമിര്‍ പുതിന്‍ പ്രശംസിച്ചു.
അല്‍ ദഫ്റ മേഖലയിലെ ഭരണപ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍നഹ്യാന്‍, ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശൈഖ് താനൂന്‍ ബിന്‍സായിദ് അല്‍നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ വകുപ്പ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്‍, വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്യാന്‍, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോ, വാണിജ്യ വ്യവസായമന്ത്രി ഡെനിസ് മന്‍തുറോവ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Post Your Comments