![](/wp-content/uploads/2019/10/Sanyasi.bmp)
മാതാപിതാക്കളെ ഉപേക്ഷിച്ച് സന്യാസജീവിതം സ്വീകരിച്ച മകനെതിരെ കോടതി. സന്യാസം സ്വീകരിച്ചാലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കള്‍ക്ക് മാസം ചെലവിനുള്ള തുക നല്‍കണമെന്ന് കോടതി വിധിച്ചു. അഹമ്മദബാദിലാണ് സംഭവം. മാതാപിതാക്കളുടെ ഏക മകനായ ധര്‍മേഷ് ഗോയല്‍ എന്ന 27കാരനോടാണ് കോടതി ഇത്തരത്തില്‍ ഉത്തരവിട്ടത്. മാസം 10,000 രൂപ വീതം നല്‍കാന്‍ ആണ് കോടതി നിര്‍ദ്ദേശിച്ചത്. മകനെ ഏറെ പ്രതീക്ഷയോടെയാണ് മാതാപിതാക്കള്‍ പഠിപ്പിച്ചത്. ഏകദേശം 35 ലക്ഷം രൂപയാണ് ഇവര്‍ മകന്റെ പഠനത്തിനായി ചെലവഴിച്ചത്. ഫാര്‍മസിയില്‍ മാസറ്റര്‍ ബിരുദം നേടിയ ഗോയലിന് 60,000 രൂപ പ്രതിമാസം ശമ്പളമുള്ള ജോലി ലഭിക്കുകയും ചെയ്തു.
എന്നാല്‍ ഈ ജോലി നിരസിച്ച ഗോയല്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന എന്‍.ജി.ഒയ്ക്ക് ഒപ്പം ചേരുകയായിരുന്നു. മാതാപിതാക്കളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച ഗോയലിനെ പൊലീസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. മാതാപിതാക്കളുടെ പക്കല്‍ നിന്നും 50,000 രൂപ വാങ്ങിയശേഷമായിരുന്നു ഇയാള്‍ മുങ്ങിയത്. ഭിന്നശേഷിക്കാരായ വൃദ്ധരായ മാതാപിതാക്കള്‍ ജോലിനേടിയ ശേഷം മകന്‍ തങ്ങളെ നോക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ തനിക്ക് മാതാപിതാക്കളുടെ കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നും സന്യാസമാണ് തന്റെ ജീവിതലക്ഷ്യമെന്നും പറഞ്ഞതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. മാതാപിതാക്കളുടെ ഭാഗം ന്യായമാണെന്ന് മനസിലാക്കിയ കോടതി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനാകില്ലെന്ന് ഗോയലിനോട് പറഞ്ഞു. തുടര്‍ന്നാണ് 10,000 രൂപ വീതം മാസം ഇവര്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടത്.
Post Your Comments