വീട്ടില്‍ നല്ല ഒരു പൂന്തോട്ടം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പലരെയും ആ ആഗ്രഹത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നത് സ്ഥലപരിമിതി തന്നെയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന് പ്രസക്തിയേറുന്നത്. വീട്ടിലെ വിശാലമായ മുറ്റത്ത് മാത്രമല്ല ഫ്ളാറ്റിലെ ഇത്തിരിപോന്ന സ്ഥലത്തും കിടിലന്‍ പൂന്തോട്ടം ഒരുക്കാം. ഫ്‌ളാറ്റിലെ പരിമിതമായ സ്ഥലത്തുപോലും കിടിലന്‍ പൂന്തോട്ടം ഒരുക്കാം.
വീടിനകത്തും പുറത്തുമായി സജ്ജീകരിക്കാവുന്ന രീതിയിലാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ക്രമപ്പെടുത്തുന്നത്. ഒരു ചുമരില്‍ സജ്ജീകരിക്കുന്ന ചെടികളായതുകൊണ്ടു തന്നെ ചെടികള്‍ക്ക് പ്രത്യേക സ്ഥലവും വേണ്ട. ഭിത്തിയിലോ, മതിലിലോ, ടെറസിലോ നിങ്ങള്‍ക്കിഷ്ടപ്പെട്ട എവിടെ വേണെങ്കിലും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കാന്‍ കഴിയും.
വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകള്‍ക്കാവശ്യമായ ഫ്രെയിം മൊഡ്യൂളുകള്‍ വിപണിയില്‍ ലഭിക്കും. ഇവ ഭിത്തിയില്‍ സ്‌ക്രൂ ചെയ്ത് ഉറപ്പിച്ച് പൂന്തോട്ടം ഒരുക്കാം. ഇതില്‍ ചെടികള്‍ നടുന്നതിനുള്ള കപ്പുകള്‍ ഉണ്ടായിരിക്കും. കപ്പില്‍ ചകിരിച്ചോര്‍, പെര്‍മിക്കുളേറ്റ്, പെര്‍ലൈറ്റ് എന്നിവ കലര്‍ത്തിയെടുത്ത മിശ്രതത്തില്‍ വേണം ചെടികള്‍ നടാന്‍. പി വി സി പൈപ്പില്‍ ദ്വാരങ്ങള്‍ ഇട്ടശേഷം മണ്ണ് നിറച്ച് ചെടികള്‍ കുത്തനെയായി വളര്‍ത്തിയാല്‍ ചിലവ് കുറഞ്ഞ രീതിയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാം.
എന്നാല്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ചില പരിമിതികള്‍ ഉണ്ട്. എല്ലാം ചെടികളും ഇതിന് അനുയോജ്യമല്ല. അധികം ഉയരത്തില്‍ വളരാത്ത നന്നായി ഇലകളുള്ള ചെടികളാണ് അഭികാമ്യം.മണിപ്ലാന്റുകള്‍, വിവിധതരം ചീരകള്‍, റിബണ്‍ ഗ്രാസ്, നീഡില്‍ ഗ്രാസ് എന്നിവയാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനില്‍ സാധാരണയായി കണ്ടുവരുന്നത്. സിങ്കോണിയം, ഡ്രസീനിയ, ബ്രോമിലാക്‌സ്, റിയോ, ഫിലോഡെന്‍ഡ്രോണ്‍ തുടങ്ങിയ ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്ങിനായി ഉപയോഗിക്കുന്നു.
Post Your Comments