ഗുജറാത്തില്‍ പത്തുവയസ്സുകാരിയെ വിവാഹത്തിന്റെ മറവില്‍ 50,000 രൂപയ്ക്ക് വിറ്റു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് പത്തുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പിതാവ് 35കാരന് വിവാഹം ചെയ്തു നല്‍കിയത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചത്.സംഭവത്തില്‍ വനിതാ കമ്മിഷന്‍ ഇടപെട്ടു.ബനസ്‌കന്തയിലെ ദന്ത താലൂക്കിലെ ഖേര്‍മര്‍ എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് വിവാഹം നടന്നത്.
ഗോവിന്ദ് താക്കൂര്‍ എന്ന യുവാവാണ് കുട്ടിയെ വിവാഹം ചെയ്തത്. ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ പിതാവിനെക്കാള്‍ ഒരുവയസ്സുമാത്രമാണ് കുറവുള്ളത്.രണ്ട് മാസം മുമ്പ് ജഗ്മല്‍ ഗമാര്‍ എന്ന ഇടനിലക്കാരന്‍ മുഖേനെയാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്ത് അയക്കാന്‍ പിതാവ് ശ്രമം ആരംഭിച്ചത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-
കഴിഞ്ഞ രണ്ട് മാസം മുന്‍പ് ഒരു ആഘോഷത്തിനിടെ ജഗ്മല്‍ ഗമര്‍ എന്ന ഏജന്റ് താക്കൂറിന് പെണ്‍കുട്ടിയെ കാണിച്ചുകൊടുത്തിരുന്നു. ഒന്നര ലക്ഷം രൂപ പെണ്‍കുട്ടിയുടെ പിതാവിന് നല്‍കാമെന്ന് വ്യവസ്ഥയില്‍ ആദ്യഘട്ടത്തില്‍ 50,000 രൂപ നല്‍കി താക്കൂര്‍ എന്ന 35 കാരന്‍ 10 വയസുകാരിയെ വിവാഹം കഴിക്കുകയും, ബാക്കി ഒരു ലക്ഷം രൂപ വിവാഹ ശേഷം നല്‍കാമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഇയാള്‍ പണം നല്‍കാത്തതിനാല്‍ പെണ്‍കുട്ടിയെ പിരികെ വീട്ടിലെത്തിക്കാന്‍ പത്ത് വയസുകാരിയുടെ അച്ഛന്‍ ശ്രമിച്ചിരുന്നു. അതേസമയം താക്കൂര്‍ പെണ്‍കുട്ടിയെ വിട്ടയച്ചിരുന്നില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനും ഗോവിന്ദ് താക്കൂറിനും ഏജന്റിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments