തൃശ്ശൂര്‍: റിങ്കു എന്ന സെക്യൂരിറ്റി ഗാര്‍ഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഇപ്പോഴിതാ റിങ്കുവിന് ജോലി വാഗ്ദാനങ്ങളുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ദുബായില്‍ നിന്നും മികച്ച ഒരു തൊഴില്‍ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രവാസി മലയാളി. ദുബായിലെ അമേരിക്കന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ കോഴിക്കോട് പന്തീരീങ്കാവ് സ്വദേശി ബൈജു ചാലിലാണ് റിങ്കുവിന് തൊഴില്‍ വീസയും 35,000 രൂപ പ്രതിമാസ ശമ്പളവും താമസവും ഭക്ഷണവും മറ്റും വാഗ്ദാനം ചെയ്യുന്നത്.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ടെക്‌നിക്കല്‍ സര്‍വീസ്(ജെടിഎസ്) എന്ന എന്‍ജിനീയറിങ് സ്ഥാപനത്തിന്റെ ടെക്‌നിക്കല്‍ വിഭാഗത്തിന്റെ മാനേജിങ് പാര്‍ട്ണര്‍ കൂടിയായ ബൈജുവാണ് ഇതേ കമ്ബനിയില്‍ മികച്ച ജോലി വാഗ്ദാനം ചെയ്യുന്നത്.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ എല്‍ഇഡി ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടെ നിര്‍വഹിച്ച കമ്പനിയാണിത്. നിലവില്‍ ദുബായിയുടെ മറ്റൊരു ആകര്‍ഷണമാകാന്‍ പോകുന്ന മ്യൂസിയം ഓഫ് ഫ്യൂചര്‍ ഒട്ടേറെ വന്‍ പദ്ധതികള്‍ക്ക് പിന്നില്‍ കമ്ബനി പ്രവര്‍ത്തിക്കുന്നു. ഒരു എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കൂടിയായതിനാലാണ് റിങ്കുവിനെ ക്ഷണിക്കുന്നതെന്നും താല്‍പര്യമുണ്ടെങ്കില്‍ തന്നെ ബന്ധപ്പെടാമെന്നും ബൈജു പറയുന്നു.
സ്‌കൂട്ടര്‍ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനായ റിങ്കുവിനെ യുവതി പരസ്യമായി കൈയ്യേറ്റം ചെയ്തതോടെയാണ് റിങ്കുവിനേയും റിങ്കുവിന്റെ ജീവിതത്തേയും കുറിച്ച് എല്ലാവരും അറിയാനിടയായത്.
കാര്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതി വെച്ച സ്‌കൂട്ടര്‍ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം നീക്കിവച്ചതില്‍ ദേഷ്യംമൂത്താണ് യുവതി ജനങ്ങള്‍ നോക്കിനില്‍ക്കേ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കുവിന്റെ മുഖത്ത് ആഞ്ഞടിച്ചത്.
കൊച്ചി സര്‍വകലാശാല വനിതാ ഹോസ്റ്റലില്‍ താല്‍ക്കാലിക മേട്രനായ കൊയിലാണ്ടി കാവില്‍ദേശം സ്വദേശി ആര്യയാണ് റിങ്കുവിനെ കൈയ്യേറ്റം ചെയ്തത്. സംഭവത്തില്‍ 10 ദിവസത്തിനു ശേഷം പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ റിങ്കുവിന്റെ ജീവിത കഥ സമൂഹമാധ്യമങ്ങളിലടക്കം വൈറലായി.
മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്ബംപുഴ വീട്ടില്‍ റോസമ്മയുടെ ഏക മകനാണ് റിങ്കു (26). 11ാം വയസ്സില്‍ പിതാവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അമ്മാവന്മാരുടെ സംരക്ഷണത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. പണം ഇല്ലാത്തതിനാല്‍ എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
നേരത്തേ മുതല്‍ ഹൃദയ സംബന്ധമായ അസുഖമുള്ളയാളാണ് റിങ്കുവിന്റെ അമ്മ റോസമ്മ. 2017ല്‍ ഡെങ്കിപ്പനി പിടിപെട്ടതോടെ രോഗം മൂര്‍ഛിച്ചു. ശസ്ത്രകിയയ്ക്കു 2 ലക്ഷം ചെലവാകുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് റിങ്കു സെക്യൂരിറ്റി ജോലിയില്‍ പ്രവേശിച്ചത്. ആദ്യം കൊച്ചിയില്‍ കെട്ടിട നിര്‍മാണ സൈറ്റിലായിരുന്നു ജോലി. ഓഗസ്റ്റില്‍ ആലുവ ഡോ. ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റലിലേക്കു മാറിയത്.
Post Your Comments