KeralaLatest NewsNews

പീഡന പരാതി: ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി രണ്ടു വര്‍ഷത്തേക്ക് മാറ്റിവെച്ചു

മുംബൈ: ലൈംഗിക പീഡനക്കേസില്‍ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് രണ്ടു വര്‍ഷത്തേക്ക് നീട്ടിവെച്ചു. ഹര്‍ജി പരിഗണിക്കുന്നത് 2021 ജൂണ്‍ മാസത്തിലേക്കാണ് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാറ്റിവെച്ചത്. കേസില്‍ ഡിഎന്‍എ പരിശോധന ഫലം വൈകുന്നെന്ന് ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ഡിഎന്‍എ. പരിശോധന ഫലം ലഭിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു.

ഡിഎന്‍എ പരിശോധന നടത്തുന്ന ലാബില്‍ നേരത്തെയുള്ള ഒട്ടേറെ കേസുകളുടെ പരിശോധന നടക്കാനുണ്ടെന്നും അതിനാല്‍ ബിനോയ് കോടിയേരിയുടെ കേസിലെ ഫലം ലഭിക്കാന്‍ താമസമുണ്ടാകുമെന്നുമായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്. ജൂലായ് 29നായിരുന്നു ബിനോയ് ഡിഎന്‍എയ്ക്ക് വിധേയനായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധനഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് കൈമാറണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് മുംബൈ ഓഷിവാര പൊലീസ് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്.

ദുബായില്‍ വെച്ച് ബാര്‍ ഡാന്‍സറായ തന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. കുട്ടിയുടെ പിതാവ് ബിനോയി ആണെന്നും, തനിക്കും കുട്ടിക്കും ബിനോയി കോടിയേരി ചെലവിന് നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു. യുവതിയുടെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഡിഎന്‍എ പരിശോധന നടത്താന്‍ ബിനോയ് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കോടതിയുടെ കര്‍ശന നിര്‍ദേശത്തെതുടര്‍ന്ന് രക്തസാമ്പിള്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടതിയെ സമീപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button