Latest NewsKeralaNews

മന്ത്രി കെ ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.ജി.സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് അദാലത്തിലൂടെ മാര്‍ക്ക് കൂട്ടി നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്നു തിരുവനന്തപുരത്തു നടന്ന വാർത്ത സമ്മേളനത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. ഇത് സര്‍വകലാശാല അധികൃതര്‍ തള്ളിയപ്പോള്‍ വിഷയം സിന്‍ഡിക്കേറ്റില്‍ ഔട്ട് ഓഫ് അജന്‍ഡയായി അവതരിപ്പിച്ചു. തുടര്‍ന്ന് ഒരുവിഷയത്തില്‍ തോറ്റഎല്ലാവര്‍ക്കും മോഡറേഷന് പുറമേ അഞ്ച് മാര്‍ക്ക് കൂട്ടിനല്‍കാൻ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഇടതുപക്ഷക്കാരായ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് ഇതിന്റെ പിന്നില്‍.  ഒരിക്കലും ഇങ്ങനെ മാര്‍ക്ക് കൂട്ടിനല്‍കാന്‍ അധികാരമില്ല. അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച്‌ കെ.ടി.ജലീല്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Also read : വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തതും വിഷയത്തില്‍ ഇടപെട്ടതും ചട്ടവിരുദ്ധമാണ്. സര്‍വകലാശാല ചട്ടമനുസരിച്ച്‌ പരീക്ഷാഫലം വന്നതിനുശേഷം മാര്‍ക്ക് കൂട്ടിനല്‍കാന്‍ നിയമമില്ല. ഇവിടെ മന്ത്രിയും ഇടതുപക്ഷ സിന്‍ഡിക്കറ്റ് അംഗങ്ങളും ചേര്‍ന്ന് തോറ്റവരെ ജയിപ്പിക്കുന്ന ജാലവിദ്യ നടത്തുകയാണ്. പരീക്ഷയുടെ വിശ്വാസ്യത, മന്ത്രിയുടെയും സിന്‍ഡിക്കേറ്റിന്റെയും നടപടി പൂര്‍ണമായും തകര്‍ത്തു. ചട്ടങ്ങള്‍ മറികടന്നുള്ള വിചിത്രമായ നടപടി പഠിച്ചു ജയിക്കുന്നവരെ അപഹാസ്യരാക്കുന്നതിന് തുല്യമാണ്. ഇത് സര്‍വകലാശാലയുടെ മൂല്യവും വിശ്വാസ്യതയും നഷ്ടപ്പെടുത്തും. തോറ്റവരെ ജയിപ്പിക്കാനാണോ ഇത്തരം അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. സംഭവം അതീവഗൗരവതരമാണെന്നും ഒരുഭാഗത്ത് പി.എസ്.സി.യെ തകര്‍ക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ സര്‍വകലാശാല പരീക്ഷകളെയും നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആറാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷയില്‍ ഒരുമാര്‍ക്കിന് തോറ്റ വിദ്യാര്‍ഥിക്ക് അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി വിജയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നാഷണല്‍ സര്‍വീസ് സ്‌കീം അനുസരിച്ച്‌ മാര്‍ക്ക് കൂട്ടി നല്‍കണമെന്ന വിദ്യാര്‍ഥിയുടെ അപേക്ഷ നേരത്തെ സര്‍വകലാശാല തള്ളിയതോടെ ഈ ആവശ്യവുമായി വിദ്യാർത്ഥി അദാലത്തില്‍ പങ്കെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button