അഹമ്മദാബാദ്: ”മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെ”? രാഷ്ട്രപിതാവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ചോദ്യവുമായി ഗുജറാത്തില്‍ സ്‌കൂള്‍ പരീക്ഷ. സുഫാലം ശാല വികാസ് സങ്കുല്‍ എന്ന പേരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ ഇന്റേണല്‍ പരീക്ഷയിലാണ് ഇത്തരമൊരു ചോദ്യം വന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നടത്തിയ പരീക്ഷയിലാണ് ഗാന്ധിജിയെ കുറിച്ച് ഇത്തരത്തിലൊരു ചോദ്യം ചോദിച്ച് വിദ്യാര്‍ത്ഥികളെ കുഴപ്പിച്ചത്.
ഗാന്ധിനഗറില്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ചില സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് സുഫാലം ശാല വികാസ് സങ്കുല്‍. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഗാന്ധിജിയെ കുറിച്ചുള്ള ചോദ്യം അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗര്‍ ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ഭരത് വദേര്‍ പറഞ്ഞു.
സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്തെ വ്യാജവാറ്റുകാരെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. ചോദ്യം തയാറാക്കിയത് സ്‌കൂള്‍ അധികൃതരാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തില്‍ പങ്കില്ലെന്ന് ഭരത് വദേര്‍ പറഞ്ഞു.
Post Your Comments