കൊച്ചി : കേന്ദ്രാനുമതി ലഭിച്ചിട്ടും സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം മൂലം ശബരി ഉള്‍പ്പടെയുള്ളവ മരവിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അനുമതി ലഭിച്ചതും നടപടി സ്വീകരിക്കാന്‍ കാല താമസം നേരിട്ടതോടെയാണ് പദ്ധതികള്‍ നിര്‍ത്തിവെയ്ക്കാന്‍ റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയത്. അങ്കമാലി എരുമേലി ശബരി പാത, ഗുരുവായൂര്‍ തിരുനാവായ പാത, എറണാകുളം കുമ്പളം, കുമ്പളം തുറവൂര്‍, തുറവൂര്‍ അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ എന്നീ പദ്ധതികളുടെ നടത്തിപ്പാണ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
1997 മുതല്‍ 2016ന് ഇടയിലുള്ള പദ്ധതികളാണ് ഇവ. ഇത്രയും പഴക്കം ചെന്നിട്ടും അവ നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.കേന്ദ്ര റെയില്‍വേ കേരളത്തിന് ഒന്നും നല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും നിരന്തരം കുറ്റപ്പെടുത്തുമ്പോഴാണ് ഇത്തരത്തില്‍ അനുമതി ലഭിച്ച പദ്ധതി തന്നെ നടപ്പിലാക്കാത്തത് മൂലം നഷ്ടമാവുന്നത്. കേരളത്തിലെ അഞ്ച് പദ്ധതികള്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ടാണ് റെയില്‍വേ ബോര്‍ഡ് ഉത്തരവിട്ടത്.
സംസ്ഥാനം പകുതി ചെലവ് വഹിക്കാന്‍ തയാറാകാത്തതും പ്രാദേശിക എതിര്‍പ്പും മൂലമാണ് ഇവ മുടങ്ങിയത്.ശബരി പാതയ്ക്കായി ഇതുവരെ 264 കോടി രൂപയും ഗുരുവായൂര്‍- തിരുനാവായ പാതയ്ക്കായി 36 കോടി രൂപയും ചെലവാക്കിയിട്ടുണ്ട്. ശബരി പാതയുടെ പകുതി ചെലവ് വഹിക്കാന്‍ മുമ്പ് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അതില്‍ നിന്ന് പിന്നോട്ടു പോയി. ഇടക്കാലത്തു സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിച്ചെങ്കിലും തീരുമാനം ബോര്‍ഡിനെ അറിയിച്ചിട്ടില്ല.
അതേസമയം ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ നേരത്തേയുളള പദ്ധതിയാണെന്നും അതിന്റെ പകുതി തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറാകാത്തതും പദ്ധതി നിന്നുപോകാന്‍ കാരണമായി. കാലപ്പഴക്കം ചെന്ന പദ്ധതിയാണെന്നും റെയില്‍വേ തന്നെ മുഴുവന്‍ ചെലവു വഹിക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ നിലപാട്.
Post Your Comments