മൂന്നാര്‍: ദേശീയപാത 85ല്‍ മൂന്നാര്‍ ദേവികുളം ഗ്യാപ് റോഡില്‍ വീണ്ടും മലയിടിഞ്ഞു. 50 മീറ്റര്‍ ദൂരം റോഡ് പൂര്‍ണമായി തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കഴിഞ്ഞ ദിവസം മലയിടിച്ചിലുണ്ടായതിന്റെ 300 മീറ്റര്‍ ദൂരത്തായാണ് ഇത്തവണ മലയിടിഞ്ഞത്. ആളപായമില്ല. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ തലനാരിഴയ്ക്കാണ് ദേവികുളം ഹാര്‍ട്ട് എസ്റ്റേറ്റ് മാനില സ്വദേശി രമേഷ് കുമാര്‍ രക്ഷപ്പെട്ടത്. ഒരു ഫോണ്‍ വന്നതാണ് താനിന്ന് ജീവിച്ചിരിക്കാന്‍ കാരണമെന്നാണ് രമേഷ് പറയുന്നത്. സൂര്യനെല്ലി സ്വദേശി നാഗരാജ് വിളിച്ച് ഫോണ്‍ ബെല്ലടിച്ചില്ലായിരുന്നെങ്കില്‍ താന്‍ അപകടത്തില്‍പ്പെട്ടേനെയെന്നാണ് രമേഷ് വ്യക്തമാക്കിയത്.
പാല്‍ വിതരണക്കാരനായ രമേഷ് കുമാര്‍ രാവിലെ ഓട്ടോയില്‍ പാലുമായി ഗ്യാപ് റോഡില്‍ വിതരണത്തിന് എത്തിയതായിരുന്നു. കടകളില്‍ പാല്‍ നല്‍കിയ ശേഷം വണ്ടി സ്റ്റാര്‍ട് ചെയ്തു. എന്നാല്‍ അപ്പോഴേക്കും ഫോണ്‍ ബെല്ലടിച്ചു. എടുത്ത് സംസാരിച്ച് തുടങ്ങിയ സമയത്താണ് കണ്‍മുന്നില്‍ മല ഇടിഞ്ഞത്. അതേസമയം ചൊവ്വാഴ്ചയുണ്ടായ മലയിടിച്ചിലില്‍ കാണാതായ ജെസിബി ഡ്രൈവര്‍ തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി കലൈയരശന് (18) വേണ്ടിയുള്ള തിരച്ചില്‍ വെള്ളിയാഴ്ചയും തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗത്തെ വീതികൂട്ടലിന്റെ ഭാഗമായി അനിയന്ത്രിതമായി പാറകള്‍ പൊട്ടിച്ചുനീക്കിയതാണ് തുടര്‍ച്ചയായി ഗ്യാപ് റോഡില്‍ മലയിടിച്ചിലുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments