KeralaLatest NewsNews

സിന്ധുവിന്റെ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം: മുഖ്യമന്ത്രി

പി. വി സിന്ധുവിന് കേരളത്തിന്റെ ആദരം

തിരുവനന്തപുരം•പി. വി. സിന്ധുവിന്റെ ബാറ്റ്മിന്റൺ ലോകകിരീട നേട്ടം മുഴുവൻ കായിക താരങ്ങൾക്കും പ്രചോദനം നൽകുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ പി. വി. സിന്ധുവിന് ആദരവ് അർപ്പിക്കാനായി ഒരുക്കിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ കായികപ്രതിഭകൾക്ക് സിന്ധു മാതൃകയാണ്. ഒളിമ്പിക്‌സിലെ വെള്ളി മെഡൽ സ്വർണമാക്കി മാറ്റാനുള്ള മികവ് സിന്ധു ആർജിച്ചിരിക്കുന്നു. സിന്ധുവിന്റെ പോരാട്ടവീര്യത്തിനും കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമാണ് ലോകകിരീടം. മുൻപ് നടന്ന രണ്ടു ലോക ചാമ്പ്യൻഷിപ്പുകളിൽ സിന്ധു ഫൈനലിൽ പരാജയപ്പെട്ടിരുന്നു. അതോടെ ചിലർ വലിയ തോതിൽ കുറ്റപ്പെടുത്തി. സിന്ധുവിന്റെ നീണ്ട കാലത്തെ ബാറ്റ്മിന്റൺ കോർട്ടിലെ മികവ് മറന്നു കൊണ്ടായിരുന്നു പ്രതികരണം. എന്നാൽ ആത്മവിശ്വാസം കൈവിടാതെ സിന്ധു മുന്നോട്ടു പോയി താനൊരു പോരാളിയാണെന്ന് തെളിയിച്ചു. ഇന്ന് ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ് സിന്ധു.
കഴിവുറ്റ കൗമാരതാരനിര കേരളത്തിനുണ്ട്. കായികരംഗത്ത് കേരളം വലിയ കുതിപ്പ് നടത്തുകയാണ്. പ്രായഭേദമന്യേ മുഴുവൻ പേരേയും കളിക്കളത്തിലെത്തിച്ച് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കായിക വികസനത്തിന് പി. വി. സിന്ധുവിന്റെ സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു.

പി. വി. സിന്ധുവിന് കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി കൈമാറി. കേരള ഒളിമ്പിക് അസോസിയേഷന്റെ ഓൺലൈൻ ചാനൽ സിന്ധു ഉദ്ഘാടനം ചെയ്തു. കായിക മന്ത്രി ഇ. പി. ജയരാജൻ അധ്യക്ഷത വഹിച്ചു. കഠിനാധ്വാനം കൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിയ വ്യക്തിയാണ് സിന്ധുവെന്ന് മന്ത്രി പറഞ്ഞു. കേരളം സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് തീം സോങ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. പരാജയങ്ങളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റാൻ സിന്ധുവിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ശശിതരൂർ എം.പി, വി. എസ്.ശിവകുമാർ എം. എൽ. എ, സംസ്ഥാന കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, ട്രഷറർ എം. ആർ. രഞ്ജിത്ത്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, കായികവകുപ്പ് ഡയറക്ടർ സഞ്ജയൻകുമാർ, കൗൺസിലർ ആയിഷ ബേക്കർ, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ് എന്നിവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button