കൂടത്തായി മരണപരമ്പരകളില്‍ നടുങ്ങിയിരിക്കുന്ന മറ്റൊരു നാടും കൂടെയുണ്ട്. ഇടുക്കി കട്ടപ്പനയിലെ വാഴവര. കൂടത്തായിയിലെ ക്രൂരയായ കൊലയാളി പൊന്നാമറ്റം കുടുംബത്തിലെ മരുമകള്‍ ജോളി ഈ നാട്ടുകാരിയാണ്. വാഴവരയ്ക്കാര്‍ക്ക് അറിയാവുന്ന ജോളി ഒരു നാടന്‍പെണ്‍കുട്ടിയാണ്. 1998ല്‍ ആണ് വിവാഹിതയായി റോയി തോമസിന്റെ കൈപിടിച്ച് താമരശ്ശേരി കൂടത്തായി പൊന്നാമറ്റം കുടുംബത്തിലേക്ക് ജോളി പോയത്. പിന്നീട് ഇടയ്‌ക്കൊക്കെ വീട്ടിലേക്ക് വരുന്ന ജോളിയെ നാട്ടുകാര്‍ കാണാറുമുണ്ടായിരുന്നു. അധ്യാപികയെന്ന നിലയില്‍ എല്ലാവര്‍ക്കും ജോളിയോട് ബഹുമാനമായിരുന്നു.
കാമാക്ഷി പഞ്ചായത്തില്‍ വാഴവരയ്ക്ക് സമീപം മത്തായിപ്പടിയിലെ ചോറ്റയില്‍ തറവാട്ടിലാണ് ജോളി ജനിച്ചു വളര്‍ന്നത്. കുഞ്ഞേട്ടന്‍ എന്നു വിളിക്കുന്ന ജോസഫാണ് ജോളിയുടെ പിതാവ്. രണ്ട് റേഷന്‍ കടകള്‍ നടത്തിയിരുന്ന ജോസഫിന് കൃഷിയുമുണ്ടായിരുന്നു. സാമ്പത്തികമായി മോശമല്ലാത്ത ചുറ്റുപാടിലായിരുന്നു ജോളി അന്നും ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഏലത്തോട്ടത്തിന് നടുവിലായിരുന്നു ഇവരുടെ വീട്. വാഴമല സെന്റ് മേരീസ് സ്‌കൂളിലായിരുന്നു ജോളിയുടെ പഠനം. പണത്തെക്കുറിച്ചുള്ള ചിന്തയൊന്നുമില്ലാതിരുന്ന സുഹൃത്തുക്കളോടൊപ്പം നടന്നു സ്‌കൂളില്‍ പോയിക്കൊണ്ടിരുന്ന ജോളിയെ ഇന്നും ഇവിടുത്തുകാര്‍ക്ക് ഓര്‍മ്മയുണ്ട്.
സ്‌കൂളിലെ മിടുക്കിയും എല്ലാവരുടെയും പ്രിയങ്കരിയുമായിരുന്നു ജോളി. സ്‌കൂളിലെ എല്ലാ പരിപാടികളിലും ജോളി അന്ന് മുന്നില്‍ നിന്നിരുന്നുവെന്ന് അന്നത്തെ സഹപാഠികള്‍ ഓര്‍ക്കുന്നു. അവര്‍ക്കാര്‍ക്കും ആറുപേരെ ജോളി കൊലപ്പെടുത്തിയ വാര്‍ത്ത വിശ്വസിക്കാനാവുന്നില്ല. ബിരുദ പഠനത്തിനായി ജോളി പാലായിലേക്ക് മാറി. ബി.കോം ബിരുദധാരിയായ ജോളി പഠനം കഴിയുമ്പോഴേക്കും വിവാഹിതയുമായിരുന്നു. നാലുവര്‍ഷം മുമ്പ് ഏലത്തോട്ടത്തിനു നടുവിലെ വീട്ടില്‍ നിന്നു ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും കട്ടപ്പന വലിയ കണ്ടത്തെ വീട്ടിലേക്കും മാറിയിരുന്നു. ജോളിയുടെ ഇളയ സഹോദരനാണ് വാഴവരയില്‍ ഇപ്പോള്‍ താമസിക്കുന്നത്.
രണ്ടുമാസം മുമ്പും അവര്‍ അനുജനുമൊത്ത് വാഴവരയിലെ തറവാട്ട് വീട്ടിലും ഏലത്തോട്ടത്തിലുമെത്തിയതായും നാട്ടുകാര്‍ ഓര്‍ക്കുന്നുണ്ട്. ഇവരെല്ലാം ഇപ്പോഴും നല്ലനിലയില്‍ തന്നെയാണ് ജീവിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നെ എവിടെയാണ് ജോളിക്ക് വഴിതെറ്റിയതെന്നാണ് ഇവരുടെ മനസില്‍ ഉയരുന്ന ചോദ്യം. അതേസമയം കട്ടപ്പന വലിയ കണ്ടത്തുള്ളവര്‍ക്കും ജോളി പ്രിയങ്കരിയായിരുന്നു. കഴിഞ്ഞതവണ വന്നപ്പോള്‍ പരീക്ഷയുടെ പേപ്പര്‍ നോക്കാനുണ്ടന്നറിയിച്ച് വേഗം വീടിനുള്ളിലേക്ക് കയറിപ്പോയതായി അയല്‍വാസിയായ സ്ത്രീ പറയുന്നു. ജോളി ഇവിടെ എത്തുന്ന ദിവസമാണ് വീട് ഉത്സവലഹരിയിലാകുന്നത്. ജോളി എത്തുമ്പോള്‍ മറ്റു സഹോദരങ്ങളും വീട്ടില്‍ എത്തുമായിരുന്നുവെന്നും ഇവിടുത്തുകാര്‍ പറയുന്നു.
അതേസമയം സഹായം തേടി ജയിലില്‍ നിന്നും ജോളി സഹോദരന്‍ നോബിയെ വിളിച്ചിരുന്നു. കഴിഞ്ഞ ദിവസം തടവുകാര്‍ക്കുളള ഫോണില്‍ നിന്നാണ് ജോളി നോബിയെ വിളിച്ചത്. വസ്ത്രങ്ങള്‍ എത്തിച്ചുനല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സഹോദരനില്‍ നിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ആരും ജോളിയെ കാണാന്‍ ജയിലില്‍ എത്തിയിട്ടുമില്ല. ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ ശ്രമിക്കില്ലെന്നാണ് സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
Post Your Comments