അഞ്ജു പാര്‍വതി പ്രഭീഷ്
ചില വാർത്തകൾ കാണുമ്പോൾ,വായിക്കുമ്പോൾ മനസ്സ് പറയും വാസ്തവവിരുദ്ധമാണ് ഉള്ളടക്കമെന്ന്.അത്തരത്തിൽ മനസ്സ് ആവർത്തിച്ചു പറഞ്ഞ ഒന്നായിരുന്നു ന്യുമോണിയ ബാധിച്ചു മരിച്ച ദിയമോളുടെ അമ്മ രമ്യയെ കുറിച്ചുള്ള വാർത്ത.ചില തല്ലുകൾക്ക് കടലോളം സ്നേഹഞ്ഞിന്റെ,കുന്നോളം വാത്‌സലൃത്തിന്റെ,ഭൂമിയോളം കരുതലിന്റെ അമ്മകഥകൾ പറയാനുണ്ടാകും.ഇവിടെയും അതാണ് സംഭവിച്ചത്.രോഗബാധിതയായി ഭക്ഷണം കഴിക്കാതിരുന്ന കുഞ്ഞിനെ വടിയെടുത്ത് ആ അമ്മ തല്ലിയത് പകയോ വൈരാഗ്യമോ കൊണ്ടായിരുന്നില്ല.മറിച്ച് അസുഖത്തിന്റെയും മരുന്നുകളുടെയും തളർച്ചയ്ക്കിടെ ഭക്ഷണം കൂടി കഴിക്കാതിരുന്നാൽ ഉണ്ടായേക്കാവുന്ന അപകടത്തെ കുറിച്ചുള്ള ആകുലത കാരണമായിരുന്നു.ഒരമ്മയുടെ അമിതമായ ഉത്കണ്ഠയും പേടിയും കാരണമുണ്ടായ മാനസികവ്യാപാരം മാത്രമായിരുന്നു ആ തല്ലുകൾ.കുഞ്ഞ് മരിച്ച വാർത്തയറിഞ്ഞ് കുഴഞ്ഞുവീണ മാതാവ് സ്വപ്നത്തിൽ പോലും കരുതികാണില്ല മാധ്യമങ്ങൾക്ക് താനും തന്റെ പൊന്നോമനയുടെ മരണവും കാണാക്കഥകളുടെ ചാകരയാണെന്ന ഇന്നിന്റെ സത്യം.
എത്ര പെട്ടെന്നാണ് ഒരുവൾ സമൂഹത്തിനു മുന്നിൽ നിന്ദ്യയായത്. എത്ര വേഗത്തിലാണ് അവളുടെ ഗർഭപാത്രം ശപിക്കപ്പെട്ടതായത്.അതിലുമൊക്കെ എത്രയോ വേഗത്തിലാണ് അവളിലെ മാതൃത്വം ചവിട്ടിയരയ്ക്കപ്പെട്ടത്.സമൂഹത്തിൽ ഉന്നതയല്ലാത്തതിനാൽ അവളുടെ പേരും മേൽവിലാസവും അച്ചടിമഷി പുരണ്ടു.പ്രശസ്തരായ അച്ഛനും അമ്മയും ഇല്ലാത്തതിനാൽ അവളുടെ ചിത്രങ്ങൾ കാണിക്കാൻ മാധ്യമങ്ങളും ചാനലുകളും മത്സരിച്ചു.ചിത്തഭ്രമത്തിന്റെ സേഫ്സോണുമായി ആരും അവളെ ന്യായീകരിക്കാൻ മിനക്കെട്ടില്ല.പീഡനമെന്നും സ്ത്രീ നടത്തിയ കൊലയെന്നും കേട്ടാലുടനെ തന്നെ കയറെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ആ വാര്‍ത്തയില്‍ എത്രമാത്രം ശരിയുണ്ടെന്നു മനസ്സിലാക്കാതെ പ്രതിയുടെ ചിത്രവും കുടുംബചരിത്രവും പീഡനവിവരങ്ങളും എരിയും പുളിയും ചേര്‍ത്തു ചൂടോടെ വിളമ്പാന്‍ മത്സരിക്കും.പക്ഷേ ഈ മാത്സര്യബുദ്ധി എല്ലാപേരുടെയും കാര്യത്തില്‍ ഉണ്ടാവില്ല.പണത്തിന്റെയും പദവിയുടെയും രാഷ്ടീയപിന്‍ബലത്തിന്റെയും തുലാസ്സില്‍ വച്ച് അളക്കുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ നോക്കിയാണ് പേരും ചിത്രവും അച്ചടിച്ചുവരുന്നത്. ചിലരുടെ കാര്യത്തില്‍ വല്ലാതെ പത്രധര്‍മ്മം നോക്കുന്നവര്‍ പാവങ്ങളുടെ കാര്യം വരുമ്പോള്‍ ഒക്കെയും മറക്കും
കാമുകന്റെ ആക്രമത്തിൽ തലയോട്ടി തകർന്ന മകനുമായി ആശുപത്രിയിലെത്തിയ ഒരമ്മയുടെ മാനസികനില സി സിടി വി ദൃശ്യങ്ങളിലൂടെ നമ്മൾ കണ്ടിരുന്നു.കൺമുമ്പിൽ സ്വന്തം ചോര പിടഞ്ഞുകരയുമ്പോഴും പൊതുസമൂഹത്തിനു മുന്നിൽ കാമുകനെ സുരക്ഷിതനാക്കാൻ ശ്രമിച്ച ഒരുവളുടെ വ്യഗ്രതയായിരുന്നില്ല രമ്യയെന്ന അമ്മയ്ക്കുണ്ടായിരുന്നത്.മകൾക്ക് പനി തുടങ്ങിയതുമുതൽ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ തേടിയ ഒരമ്മയായിരുന്നു അവൾ.കുഞ്ഞ് മരിച്ചതറിഞ്ഞ് ആശുപത്രിയിൽ കുഴഞ്ഞുവീണുപോയ ഒരു പാവം അമ്മ.എന്നിട്ടും കുഞ്ഞിന്റെ ശരീരത്തിൽ കണ്ട പാടുകളുടെ പേരിൽ പ്രബുദ്ധകേരളം അവളെ നികൃഷ്ടയായൊരു അമ്മയായി വിലയെഴുതി.അല്ലെങ്കിലും കാള പെറ്റെന്നുകേൾക്കുമ്പോൾ കയറെടുക്കുന്ന സ്വഭാവം മലയാളിയുടെ സ്വഭാവവൈചിത്ര്യമായി മാറിയിട്ട് കാലങ്ങളായല്ലോ.
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയപ്പോൾ കുഞ്ഞിന്റെ മരണകാര്യം വ്യക്തമായെങ്കിലും ആ മണിക്കൂറുകളിൽ ആ അമ്മ അനുഭവിച്ച മാനസികവ്യഥയ്ക്ക് നമ്മൾ കൂടി ഉത്തരവാദികളല്ലേ?അമ്മ അടിച്ചിട്ട് നാല് വയസ്സുകാരി മരിച്ചു, അമ്മ എന്നും കുട്ടിയെ അടിക്കുമായിരുന്നു, ഇങ്ങനെ ദ്രോഹിക്കുമെന്നു ഞങ്ങൾ കരുതിയില്ലായെന്നൊക്കെ മിനിട്ടുകൾ ഇടവിട്ട് ഇവിടുത്തെ മാധ്യമങ്ങളും ചാനലുകളും റേറ്റിംഗ് ലക്ഷ്യമാക്കി വാർത്തകൾ പടച്ചുവിടുകയായിരുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം ഇവിടുത്തെ എത്ര മാധ്യമങ്ങളും ചാനലുകളും സോഷ്യൽമീഡിയാ തൊഴിലാളികളും ആ അമ്മയോട് മാപ്പ് പറഞ്ഞു? ഈ റിപ്പോർട്ട് കിട്ടാൻ വൈകിയിരുന്നെങ്കിൽ എത്ര നാൾ മാമാമാധ്യമങ്ങൾ ഈ മരണവും ഈ ദുഷ്ടയായ അമ്മയുടെ കഥയും ആവർത്തിച്ചു എരിവും പുളിയും ചേർത്ത് ആഘോഷിക്കുമായിരുന്നു? ബ്രേക്കിംഗ് ന്യൂസായി ഈ വാർത്ത ആഘോഷിച്ച മാമാമാധ്യമങ്ങൾ പിന്നീടെന്തുകൊണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആ അമ്മയുടെ കണ്ണുനീരും പ്രൈംടൈമിൽ കാണിക്കുന്നില്ല?
സത്യസന്ധമായ വാര്‍ത്തകളിലൂടെ സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്കു തിരികൊളുത്തിയ ഒരു മാധ്യമസംസ്കാരം നമുക്കുണ്ടായിരുന്നു.ഇന്നത് വെറും കേട്ടുകേള്‍വി മാത്രമായി അവശേഷിക്കുന്നു.ആരാണ് അതിനു കാരണക്കാര്‍?ഒരുപരിധി വരെ നമ്മളും അതിന്റെ കാരണക്കാര്‍ തന്നെയല്ലേ.?.നേരിന്റെ വഴിയില്‍ നടന്നിരുന്ന മാധ്യമങ്ങള്‍ക്ക് ഇന്ന് വേണ്ടത് കുത്തഴിഞ്ഞ മസാലക്കഥകളും അതുവഴിയുള്ള റേറ്റിങ്ങും മാത്രമല്ലേ..? കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രവൃത്തി മൂലം മാനാഭിമാനങ്ങള്‍ അടിയറവുവച്ച എത്രയേറെ മനുഷ്യരും കുടുംബങ്ങളും ഉണ്ടെന്നറിയുമോ? വളച്ചൊടിക്കപ്പെടുന്ന വാര്‍ത്തകള്‍ ഒരുപാട് നിരപരാധികളുടെ കണ്ണുനീര്‍ വീണവയാണ്.
വേട്ടക്കാരനായി പത്രക്കാര്‍ അവരോധിക്കുന്ന പലരും പലപ്പോഴും നിരപരാധികള്‍ ആകുന്നുണ്ട്.അവരില്‍ ചിലര്‍ ആത്മവിശ്വാസം വീണ്ടെടുത്തു ജീവിതം പഴയത് പോലെ തിരികെ പിടിക്കും.ചിലരാകട്ടെ താളം തെറ്റിയ ജീവിതവുമായി മുന്നോട്ടുപോകും.വേറെ ചിലരാകട്ടെ ജീവിതം തന്നെ മടുത്തു മരണത്തെ വരിക്കും..അപ്പോഴും നമ്മളോ പുതിയ വാര്‍ത്തകളിലെ എരിവും പുളിയും തേടും.എത്രത്തോളം മസാലചേര്‍ക്കാമോ അത്രയ്ക്കും റേറ്റിങ്ങും കൂടും.നിറവും പണവും ജാതിയും നോക്കി വാര്‍ത്ത നല്‍കുന്ന മാധ്യമവേശ്യകളെ ഒറ്റക്കെട്ടായി ബഹിഷ്കരിക്കേണ്ട സമയം ആഗതമായിരിക്കുന്നു.അപ്രധാനവാര്‍ത്തകള്‍ക്ക് അനാവശ്യഹൈപ് കൊടുത്തു അവതരിപ്പിക്കുന്ന ഈ പ്രവണത മാധ്യമങ്ങള്‍ എന്നവസാനിപ്പിക്കുന്നുവോ അന്നേ മാധ്യമധര്‍മ്മം അവകാശപ്പെടാന്‍ മാധ്യമസമൂഹത്തിനു കഴിയൂ.അതുപോലെതന്നെ നമ്മളും ഇത്തരം മഞ്ഞപത്ര നിലവാരമുള്ള വാര്‍ത്തകള്‍ക്ക്കണ്ണും കാതും നല്കാതിരുന്നാല്‍ ഈ പ്രവണത താനേ മാറിക്കൊള്ളും.
Post Your Comments