Latest NewsKeralaNews

ഇന്ന് വിജയദശമി ക്ഷേത്രങ്ങളിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ആയിരകണക്കിന് കുരുന്നുകൾ

മഹാനവമിയിലെ അടച്ചുപൂജയിൽ നിന്നു ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്കു തുറക്കുന്ന ദിനമാണ് വിജയദശമി. നവരാത്രിയുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ സംഹാര ശക്തിയായ ദുർഗയേയും , തൊട്ടടുത്ത മൂന്ന് ദിവസങ്ങളിൽ അഷ്ട ഐശ്വര്യവും നൽകുന്ന ലക്ഷ്മിയേയും , അവസാന മൂന്ന് ദിനങ്ങളിൽ അക്ഷരാഗ്നിയുടെ ദേവതയായ സരസ്വതിയേയുമാണ് പൂജിക്കുക .

ഒൻപതുദിനങ്ങൾ ദേവിയെ പൂജിച്ചതിനു ശേഷം പൂർവ്വാധികം ശക്തനായ ശ്രീരാമൻ രാവണ നിഗ്രഹം ചെയ്തതും വിജയദശമി നാളിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ദുർഗപൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് വിജയദശമി. അസുരചക്രവർത്തിയായ മഹിഷാസുരന്റെ ക്രൂരതകളാൽ പൊറുതിമുട്ടിയപ്പോൾ ആദിപരാശക്തി ശക്തിസ്വരൂപിണിയായ ദുർഗ്ഗയായി അവതരിച്ച് മഹിഷാസുരനെ വധിച്ചതും ഇതേ ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു .

ചിട്ടയായ വ്രതാനുഷ്ഠാനങ്ങളിലൂടെ, ഉപാസനകളിലൂടെ ഉള്ളിൽ ആത്മീയ ചൈതന്യം വിടരുന്ന ദിവസമാണിന്ന് .ശ്വേതാംബര ധരയായ ദേവിയുടെ അനുഗ്രഹം കൊണ്ട് മനസും , ശരീരവും ബുദ്ധിയുടെ വെളിച്ചത്തെ ഉൾക്കൊള്ളാൻ പ്രാപ്തമാകുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലെ വിജയദശമി ആഘോഷങ്ങളിലും മാറ്റമുണ്ട് . ചില സ്ഥലങ്ങളിൽ ദുർഗാ ദേവിയുടെ ബിംബം നദിയിലോ , ജലാശയത്തിലോ ഒഴുക്കുന്ന ചടങ്ങും നടത്താറുണ്ട് . പടക്കങ്ങൾ നിറച്ച രാവണന്റെയും ,കുംഭകർണ്ണന്റെയും, ഇന്ദ്രജിത്തിന്റെയും കോലങ്ങൾക്ക് തീ കൊളുത്തുന്നതും ദസ്റയുടെ പ്രധാന ചടങ്ങാണ് .

കേരളത്തിൽ വാഗ് ദേവതയായ സരസ്വതിയെയാണ് പൂജിക്കുന്നത് . ആചാര്യന്മാർ ധാന്യത്തിൽ ഹരിശ്രീ കുറിപ്പിക്കുന്ന കുരുന്നുകൾ ഏറ്റുവാങ്ങുന്നത് വാഗ്ദേവതയുടെ വരദാനമാണ്. അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിക്കും , കൊല്ലൂർ മൂകാംബിക ക്ഷേത്രം , കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം , തിരൂർ തുഞ്ചൻ പറമ്പ് , പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം , തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കും . കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും എഴുത്തിനിരുത്താനുള്ള സൗകര്യമുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button