ഒന്നാം വാർഷികം ആഘോഷമാക്കാനൊരുങ്ങി മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സിന്റെ ജാവ മോട്ടോർസൈക്കിൾസ്. പുതിയ മൂന്ന് ബൈക്കുകൾ വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. 2018 നവംബർ 15ന് ആയിരുന്നു ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിൽ താരമായിരുന്ന ജാവ ബൈക്കുകൾ വീണ്ടും പിറവിയെടുത്തത്.
ജാവ ബ്രാൻഡിന്റെ സിഇഓ ആശിഷ് ജോഷി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പുതിയ മോട്ടോർസൈക്കിളുകൾ പുറത്തിറക്കാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത എഞ്ചിനുകളുമായിട്ടാകും ഈ മൂന്ന് പുതിയ ബൈക്കുകൾ എത്തുക. അടുത്ത 18 മാസത്തിനുള്ളിൽ പുറത്തിറക്കും. ഇന്ത്യയിൽ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് ആശിഷ് ജോഷി വ്യക്തമാക്കി.
കഴിഞ്ഞ വർഷം പുറത്തിറക്കിയ ജാവ പെറാക്ക് ആയിരിക്കും ഈ മൂന്ന് ബൈക്കുകളിൽ ഒരെണ്ണമെന്നാണ് സൂചന. 2019 ജൂലൈ മാസത്തോടെ പെറാക്ക് വിപണിയിലെത്തുമെന്നു കഴിഞ്ഞ വർഷം ജാവ അറിയിച്ചെങ്കിലും പിന്നീട് ഇത് 2019 സെപ്റ്റംബറിലേക്ക് നീക്കി. ഇപ്പോൾ വാഹനം പുറത്തിറക്കുന്നത് കമ്പനി 2019 അവസാനത്തിലേക്ക് മാറ്റി വെച്ചതായാണ് റിപ്പോർട്ട്. ജാവ 42, ജാവ ക്ലാസിക് 300 എന്നിവയാണ് നിലവിൽ വിപണിയിലുള്ള രണ്ടു ബൈക്കുകൾ.
Post Your Comments