
ധാക്ക: ഭക്ഷണത്തില്‍ നിന്നും തലമുടി ലഭിച്ചതിനെ തുടര്‍ന്ന് ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ ജോയ്പുര്‍ഹാത്തിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയിലാണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്. ബംഗ്ലാദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് വനിതാവകാശ സംരക്ഷകര്‍ ആരോപിച്ചു.
35കാരനായ ബാബു മൊണ്ടാല്‍ എന്നയാളെയാണ് 23 കാരിയായ ഭാര്യയെ ഉപദ്രവിക്കുകയും തലമൊട്ടയടിക്കുകയും ചെയ്തു എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഭാര്യ ഇയാള്‍ക്ക് ഉണ്ടാക്കിയ നല്‍കിയ ആഹാരത്തില്‍ തലമുടി കണ്ടതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഭാര്യയെ കുറ്റപ്പെടുത്തിയ ഇയാള്‍ ഒരു ബ്ലേഡുമായി വരികയും ബലപ്രയോഗത്തിലൂടെ ഭാര്യയുടെ തലമൊട്ടയടിക്കുകയുമായിരുന്നു.
ബാബു മൊണ്ടാലിനെതിരെ 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ മതിയായ നിയമങ്ങളുണ്ടായിട്ടും ആക്രമണങ്ങള്‍ കൂടിവരികയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു. ജനുവരി മുതല്‍ ജൂണ്‍ വരെ 630 പേര്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട് എന്നാണ് കണക്ക്. 37 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ ലൈംഗികാതിക്രമത്തില്‍ മനംനൊന്ത് ജീവനൊടുക്കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments