Latest NewsKeralaNews

നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാ സംവിധാനം; ജില്ലകളിൽ ബഹുജന കൂട്ടായ്മ നവംബറിൽ; ജനുവരിയിൽ സ്മൃതി യാത്ര

തിരുവനന്തപുരം•നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാസംവിധാനമുണ്ടാക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ സെക്രട്ടറിയറ്റ് രൂപീകരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

നിലവിൽ സമിതി ചെയർമാനായ വെള്ളാപ്പള്ളി നടേശൻ തന്നെയാണ് പുതിയ പ്രസിഡണ്ട്. ഇപ്പോൾ കൺവീനറായ പുന്നല ശ്രീകുമാർ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: അഡ്വ. കെ സോമപ്രസാദ് എംപി ട്രഷറർ, പി രാമഭദ്രൻ ഓർഗനൈസിങ് സെക്രട്ടറി, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ബി രാഘവൻ, അഡ്വ സി കെ വിദ്യാസാഗർ വൈസ് പ്രസിഡണ്ടുമാർ അഡ്വ. പി ആർ ദേവദാസ്, ടി പി കുഞ്ഞുമോൻ, അഡ്വ. കെ പി മുഹമ്മദ് സെക്രട്ടറിമാർ. അഡ്വ. കെ ശാന്തകുമാരി, അബ്ദുൽ ഹക്കിം ഫൈസി, പി കെ സജീവ്, ഇ എ ശങ്കരൻ, കെ ടി വിജയൻ, അഡ്വ. വി ആർ രാജു, രാമചന്ദ്രൻ മുല്ലശ്ശേരി, കെ കെ സുരേഷ് (സെക്രട്ടറിയറ്റ് അംഗങ്ങൾ). ഭാരവാഹികളടക്കം 18 പേരുള്ളതാണ് പുതിയ സെക്രട്ടറിയറ്റ്.

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവർത്തനം വിപുലമാക്കി താഴെ തലത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് സംഘടനാസംവിധാനത്തിന്റെ ഘടനയിൽ മാറ്റം വരുത്തിയത്. സമിതി രജിസ്റ്റർ ചെയ്യാനും തിരുവനന്തപുരത്ത് ഓഫീസ് സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു.

നവംബറിൽ എല്ലാ ജില്ലയിലും സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാൻ നിശ്ചയിച്ചു. ഈ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബർ ഒന്നിന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ മുഖ്യമന്ത്രി നിർവഹിക്കും. നവോത്ഥാന മൂല്യങ്ങളെ ആസ്പദമാക്കി ഡിസംബറിൽ കേമ്പസുകളിൽ സംവാദം സംഘടിപ്പിക്കാനും തീരുമാനിച്ചു. 2020 ജനുവരിയിൽ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നവോത്ഥാന സ്മൃതി യാത്ര നടത്തും. നവോന്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൂടെയും ചരിത്ര പ്രധാനമായ സ്ഥലങ്ങളിലൂടെയും യാത്ര കടന്നപോകും. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് നാടിനെ സജ്ജമാക്കുകയാണ് യാത്രയുടെ ലക്ഷ്യം.

വിശാലമായ താൽപ്പര്യത്തോടെ പ്രവർത്തിക്കുന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് ഇതിനകം തന്നെ കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ നല്ല സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു. സമിതിയുടെ പ്രവർത്തനം ശക്തമായി മുമ്പോട്ടുകൊണ്ടുപോകണമെന്നും നവോത്ഥാന മൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് അമ്പതോളം പേർ യോഗത്തിൽ പങ്കെടുത്തു. പുന്നല ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button