കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ പുതിയ വഴിത്തിരിവ്. അന്വേഷണം പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും നീങ്ങുന്നു. മുഖ്യപ്രതി ജോളിയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി നടത്തിയ പണമിടപാടിന്റെ രേഖകൾ ലഭിച്ചു. സിപിഎം നേതാവ് ജോളിയിൽ നിന്നും ഒരു ലക്ഷം രൂപയുടെ ചെക്ക് വാങ്ങി. വ്യാജ വിൽപത്രത്തിൽ ഈ സിപിഎം നേതാവ് സാക്ഷിയായി ഒപ്പിട്ടെന്നാണ് വിവരം. അതോടൊപ്പം തന്നെ ലീഗ് നേതാവ് വ്യാജരേഖ വച്ച് ഭൂമി ജോളിയുടെ പേരിലാക്കാന്‍ സഹായിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ജോളിയുമായും വീടുമായും മുസ്ലീം ലീഗ് നേതാവിന് അടുത്ത ബന്ധമുണ്ടായിരുന്നു. ചിലഘട്ടത്തില്‍ ജോളി ഇയാള്‍ക്ക് സാന്പത്തിക സഹായം നല്കിയതായയും വിവരം ലഭിച്ചിട്ടുണ്ട്.
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ കസ്റ്റഡിയിലെടുത്തു. പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തതിനെ തുടർന്നാണ് നടപടി. ഷാജുവിനെ വടകര റൂറൽ എസ് പി ഓഫീസിൽ എത്തിച്ചു. നേരത്തെ കേസിലെ മുഖ്യപ്രതിയായ ജോളി ഷാജുവിനെതിരെ നിർണായക മൊഴി നൽകിയിരുന്നു. ആദ്യ ഭാര്യ ഷീലിയെയും കുഞ്ഞിനേയും കൊന്നത് ഷാജുവിന് അറിയാമായിരുന്നു. താൻ തന്നെയാണ് വിവരം ഷാജുവിനെ അറിയിച്ചത്. അവൾ മരിക്കേണ്ടവൾ തന്നെ ആയിരുന്നു. അതിൽ ദുഃഖമില്ലെന്നും ആരും അറിയരുതെന്നും ഷാജു പറഞ്ഞതായും ജോളി മൊഴി നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. അതോടൊപ്പം ഷാജുവിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഷാജുവിനെ ഏറെ നേരം ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചിരുന്നു. നിലവില്‍ പതിനൊന്നോളം പേര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലാണ്.
Post Your Comments