
കൂടത്തായി കൊലപാതക പരമ്പര കേരളത്തെ പിടിച്ചുലക്കുമ്പോള്‍ സമാനമായ കൊലപാതക പരമ്പര വര്‍ഷങ്ങള്‍ക്കു മുന്‍പും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1980 ലാണ് അന്ന് കേരളത്തെ പിടിച്ചു കുലുക്കിയ സയനേഡ് കൂട്ടക്കൊല ആലുവയില്‍ അരങ്ങേറിയത്. മെര്‍ലിന്‍ കേസ് എന്നാണ് ഇതറിയപ്പെട്ടത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഭര്‍തൃ സഹോദരന്റെ ഭാര്യയെയും രണ്ടു മകളെയും അമ്മിണി എന്ന സ്ത്രീ സയനേഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. അമ്മിണിയുടെ ഭര്‍ത്താവ് ഫ്രാന്‍സിസിന്റെ അനുജന്‍ ടോമിയുടെ ഭാര്യ മെര്‍ലി, മക്കളായ സോണ (8) , റാണാ (5) എന്നിവരെയാണ് അമ്മിണിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം വകവരുത്തിയത്.
സഹോദരനായ ടോമിയും ഫ്രാന്‍സിസും രണ്ടു തുണിക്കടകള്‍ (റാണി സില്‍ക്സ്, മഹാറാണി റെസ്‌റ്റൈല്‍സ്) എന്നപേരില്‍ നല്ലരീതിയില്‍ നടത്തി വരികയായിരുന്നു. റാണി അംബ്രല്ല മാര്‍ട് എന്ന കടയും ഇവര്‍ നടത്തി. ഫ്രാന്‍സിസിന്റെ മരണ ശേഷം അമ്മിണിക്ക് കിട്ടിയ ലാഭ വിഹിതം പോരാതെ വന്നത് അവരില്‍ പ്രകോപനമുണ്ടാക്കി. ശേഷം റാണി അംബ്രല്ല മാര്‍ട് എന്ന പേരുമാറ്റി റാണി കട്ട് പീസ് സെന്റര്‍ എന്നാക്കുകയും അമ്മിണിക്ക് പാര്‍ട്ണര്‍ഷിപ്പ് നല്‍കാതെ മറ്റൊരാളെ ഉള്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് നാടിനെ നടുക്കിയ കൊലപാതക പാരമ്പരയ്ക്ക് അമ്മിണിയെ പ്രേരിപ്പിച്ചത്.
അമ്മിണിക്കൊപ്പം കൂട്ടുപ്രതികളായി കാര്‍ത്തികേയന്‍, തോമസ്, ജോണി, എന്നിവര്‍ ഉണ്ടായിരുന്നു. ഇവര്‍ രാത്രി ടോമിയുടെ വീട്ടിലെത്തുകയും ഭാര്യയായ മെര്‍ലിയും കുട്ടികളും മാത്രമേയുള്ളു എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. ശേഷം മെര്‍ലിയെ പിറകില്‍ നിന്ന് ബലമായിപിടിച്ചു തോമസും ജോണിയും പൈനാപ്പിളില്‍ ചേര്‍ത്ത സയനേഡ് നല്‍കുകയായിരുന്നു. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടു അമ്മിണിയും കാര്‍ത്തികേയനും ബലമായി സയനേഡ് നല്‍കി കൊലപ്പെടുത്തി. ബലപ്രയോഗത്തിനിടെ കാര്‍ത്തികേയന് മുറിവ് പറ്റിയതുകൊണ്ട് ടോമി കടയില്‍നിന്ന് വരുന്നതുവരെ കാത്തുനില്‍ക്കാതെ ഇവര്‍ മടങ്ങുകയാണുണ്ടായത്.
ആദ്യം കൂട്ട ആത്മഹത്യക്ക് പോലീസ് കേസ് എടുത്തെങ്കിലും പോസ്റ്റ്മാര്‍ട്ടത്തില്‍ ബലപ്രയോഗത്തിന്റെ സാധ്യത മനസിലാക്കിയതാണ് കേസിന് വഴിത്തിരിവായത്. വീട്ടിലെ ഗ്ലാസില്‍ നിന്ന് പ്രതികളുടെ വിരലടയാളവും കണ്ടെത്തി. അയല്‍വാസിയായ സ്ത്രീയുടെ മൊഴിയും പ്രതികളെ കുടുക്കി. 1987 ല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചെങ്കിലും അമ്മിണിയുടെ മൂന്ന് മക്കളുടെ അനാഥത്വം കണക്കിലെടുത്ത് അവര്‍ക്ക് വധശിക്ഷ നല്‍കാതെ ശിക്ഷ ചുരുക്കി. പിന്നീട് പരോളിന് എത്തിയ അമ്മിണി സ്വന്തം വീട്ടില്‍ തീകൊളുത്തി മരിക്കുകയാണുണ്ടായത്.
Post Your Comments