ചില സ്ഥലങ്ങളിലേക്ക് കടന്നു ചെല്ലുമ്പോള്‍ എന്തെന്നില്ലാത്ത ഒരു ശാന്തിയും സമാധാനവും തോന്നാറില്ലേ… മനസ് സ്വസ്ഥമാകുകയും ടെന്‍ഷന്‍ വിട്ടകലുകയും ചെയ്യുന്ന ഒരു ഫീല്‍. എന്നാല്‍ മറ്റു ചിലയിടങ്ങളില്‍ ഇക്കാര്യം നേരെ തിരിച്ചാണ്. മനസ് ആകെ അസ്വസ്ഥമാകും. ചില വീടുകളിലെയും അവസ്ഥ ഇങ്ങനെ തന്നെയാണ്. എത്രയൊക്കെയായാലും ഒരു സന്തോഷമില്ലാത്ത അവസ്ഥ. കാരണം മറ്റൊന്നുമല്ല നെഗറ്റീവ് എനര്‍ജി തന്നെ. വീടിനുള്ളിലെ താമസക്കാരെ മുഷിപ്പിക്കുന്ന അന്തരീക്ഷമാണ് നെഗറ്റീവ് ഊര്‍ജ്ജം. ചെറിയ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചും മാറ്റങ്ങള്‍ വരുത്തിയും വീട്ടിലെ മ്ലാനത ഒഴിവാക്കാം.
വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാന്‍ ആദ്യം ചെയ്യേണ്ടത് വീടിനുള്ളില്‍ നല്ല കാറ്റും വെളിച്ചവും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ്. നല്ല വായു വീടിനുള്ളില്‍ കടന്നുവരാനുള്ള സാഹചര്യം വേണം. ജനാലകള്‍ തുറന്നിടുക. കാറ്റ് വീടിനുള്ളില്‍ ഒന്നു ചുറ്റിക്കറങ്ങാനുള്ള അന്തരീക്ഷമാണ് ഒരുക്കേണ്ടത്. തലയണകളും കിടക്കവിരിയുമെല്ലാം ഈ നേരത്ത് കുടഞ്ഞ് വിരിക്കാം.
വീടിനുള്ളില്‍ ചന്ദനത്തിരി, കുന്തിരിക്കം, കര്‍പ്പൂരം എന്നിവയിലേതെങ്കിലും പുകയ്ക്കുന്നത് സന്തോഷകരമായ ഒരു അവസ്ഥ നല്‍കും. പ്രിയപ്പെട്ട സുഗന്ധങ്ങള്‍ എപ്പോഴും നിങ്ങളില്‍ സന്തോഷം നിറയ്ക്കും. ഊര്‍ജത്തിന്റെ പ്രതീകമാണ് ഓറഞ്ച്. അല്‍പ്പം ഓറഞ്ച് എസന്‍സ് വീട്ടില്‍ തളിച്ച് സുഗന്ധം കൊണ്ടുവരാം. റൂം ഫ്രെഷ്‌നറുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
കേടുപാടുകള്‍ സംഭവിച്ച വീട്ടുപകരണങ്ങള്‍ ഒരു കാരണവശാലും വീട്ടില്‍ സൂക്ഷിക്കരുത്. ഇവ ഉപേക്ഷിക്കുകയോ റിപ്പെയര്‍ ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. വൈകല്യമുള്ള വസ്തുക്കള്‍ പൊതുവെ ശ്രദ്ധ തിരിക്കുകയും ഊര്‍ജ്ജം നശിപ്പിക്കുകയും ചെയ്യും. വീട്ടിലെ വസ്തുക്കള്‍ എപ്പോഴും അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കാം. ഇത് ഐശ്വര്യം നിറയ്ക്കും.
വീട്ടിലെ ചുവരുകള്‍ മനോഹരമായ ചിത്രങ്ങള്‍ തൂക്കിയിടാം. പൊടി പിടിച്ചതും ഭംഗിയില്ലാത്തതുമായ വസ്തുക്കള്‍ ഒഴിവാക്കുക. വീടിന്റെ ചുവരിലെ വാതിലിലോ മണികളുള്ള ഒരു ഹാങ്ങിംഗ് തൂക്കിയിടുന്നത് നല്ലതാണ്. മണിനാദം മനസിനെ ഏകാഗ്രമാക്കും.
Post Your Comments