KeralaLatest NewsNews

പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഇടപെട്ട സംഭവത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ ഇടപെട്ട സംഭവം വിവാദമാകുന്നു. സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതി പരിഗണിച്ചാണ് ഇടപെടല്‍. ജലീല്‍ ഇടപെട്ട് അദാലത്തിലൂടെ പുനര്‍ മൂല്യ നിര്‍ണയത്തിന് നിര്‍ദ്ദേശം നല്‍കിയ നടപടിയില്‍ സാങ്കേതിക സര്‍വകലാശാലയോട് രാജ്ഭവന്‍ വിശദീകരണം തേടിയിട്ടുണ്ട്.

വിവാദ പുനര്‍ മൂല്യ നിര്‍ണയത്തിന് ശേഷം 16 മാര്‍ക്ക് അധികം നേടി വിദ്യാര്‍ത്ഥി വിജയിച്ചിരുന്നു. 29 മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് അവസാന പുനര്‍മൂല്യ നിര്‍ണയത്തില്‍ 48 മാര്‍ക്കാണ് ലഭിച്ചത്.
പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ ജലീല്‍ ഇടപെട്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 21നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. അദാലത്തില്‍ പ്രത്യേക കേസായി പരിഗണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതിന്റെ രേഖകള്‍ സഹിതമായിരുന്നു പരാതി.

കൊല്ലം ടികെഎം എന്‍ജിനീയറിങ് കൊളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ശ്രീഹരിക്ക് വേണ്ടി മന്ത്രി ജലീല്‍ ഇടപെട്ടുവെന്നാണ് ആരോപണം. അഞ്ചാം സെമസ്റ്റര്‍ ഡൈനാമിക്സ് ഓഫ് മെഷനറീസ് പരീക്ഷക്ക് ശ്രീഹരിക്ക് ആദ്യം ലഭിച്ചത് 29 മാര്‍ക്ക് ആയിരുന്നു. പുനര്‍ മൂല്യനിര്‍ണയത്തിന് ശേഷം 32 മാര്‍ക്ക് കിട്ടിയെങ്കിലും ജയിക്കാന്‍ വേണ്ടത് 45 മാര്‍ക്ക് ആയിരുന്നു. വീണ്ടും മൂല്യ നിര്‍ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സര്‍വകലാശാല മറുപടി നല്‍കി. തുടര്‍ന്നാണ് മന്ത്രിയെ നേരിട്ട് സമീപിച്ചത്.

2018 ഫെബ്രുവരി 27ന് ചേര്‍ന്ന അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ നേരിട്ട് പങ്കെടുത്തു. വിഷയം പ്രത്യേകം കേസായി പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ നടന്ന പുനര്‍ മൂല്യ നിര്‍ണയത്തില്‍ 32 മാര്‍ക്ക് 48 ആയി കൂടി. തോറ്റ പേപ്പറില്‍ ശ്രീഹരി ജയിക്കുകയും ചെയ്തു.

എന്നാല്‍ മാനുഷിക പരിഗണന കണക്കിലെടുത്താണ് വിഷയത്തില്‍ ഇടപെട്ടതെന്നാണ് മന്ത്രി നല്‍കിയ വിശദീകരണം. മറ്റെല്ലാം വിഷയങ്ങളിലും ഉയര്‍ന്ന മാര്‍ക്ക് കിട്ടിയത് പരിഗണിച്ചാണ് നിര്‍ദ്ദേശമെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു.

സാങ്കേതിക സര്‍വകലാശാലയും ക്രമക്കേടിന് കൂട്ടു നിന്നെന്ന് കണ്ടെത്തിയിരുന്നു. പുനര്‍ മൂല്യ നിര്‍ണയം നടത്തി ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിച്ച നടപടിയില്‍ സാങ്കേതിക സര്‍വകലാശാല ഡാറ്റാ ബേസിലും മാറ്റം വരുത്തിയെന്നായിരുന്നു കണ്ടെത്തല്‍. ഒടുവില്‍ കിട്ടിയ മാര്‍ക്ക് ആദ്യം ലഭിച്ച മാര്‍ക്കാക്കി തിരുത്താന്‍ സര്‍വകലാശാല പ്രത്യേകം ഉത്തരവിറക്കി. മൂല്യ നിര്‍ണയം നടത്തി തോല്‍പ്പിച്ചു എന്ന് മന്ത്രി ആരോപിച്ച അധ്യാപകര്‍ക്കെതിരെ സാങ്കേതിക സര്‍വകലാശാല നടപടി എടുക്കാതിരുന്നതും സംഭവത്തില്‍ ദുരൂഹത കൂട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button