മുംബൈ: മഹാരാഷ്ട്ര നിയമസഭാതിരഞ്ഞെടുപ്പില്‍ ജനവിധിതേടാന്‍ മലയാളിയായ ജോര്‍ജ് എബ്രഹാമും. മുംബൈ നഗരത്തിലെ കലീന മണ്ഡലത്തില്‍ നിന്നാണ് ജോര്‍ജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത്.നഗരസഭ തിരഞ്ഞെടുപ്പില്‍ മൂന്ന് തവണ കലീനയില്‍നിന്ന് വിജയിച്ച ജോര്‍ജ് ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് കലീന. എറണാകുളം വരാപ്പുഴ വിതയത്തില്‍ കുടുംബാംഗമായ ജോര്‍ജ് എയര്‍ ഇന്ത്യ യൂണിയന്‍ നേതാവുകൂടിയാണ്.
ജോര്‍ജ്ജിന് മുമ്പ് 1980-കളില്‍ മലയാളിയായ സി ഡി ഉമ്മച്ചന്‍ രണ്ടുതവണ എംഎല്‍എയായ മണ്ഡലമാണ് ഇത്. അന്ന് കലീന എന്നതിനുപകരം സാന്താക്രൂസ് എന്നായിരുന്നു മണ്ഡലത്തിന്റെ പേര്. ഉമ്മച്ചനുശേഷം അദ്ദേഹത്തിന്റെ ഭാര്യ നാന്‍സി ഉമ്മച്ചനും ഇവിടെനിന്ന് മത്സരിച്ചിരുന്നെങ്കിലും വിജയം നേടാനായില്ല. 2009-ലാണ് കോണ്‍ഗ്രസ് ഇവിടെ അവസാനമായി വിജയിച്ചത്. കലീന-സാന്താക്രൂസ് മേഖലകളിലെ ക്രിസ്ത്യന്‍ വോട്ടുകളും കുര്‍ള മേഖലയിലെ മുസ്‌ലിംവോട്ടുകളുമാണ് ജോര്‍ജ്ജിന്റെ ജയത്തില്‍ നിര്‍ണ്ണായകമാകുക.
Post Your Comments