റായ്ബറേലി: കോണ്‍ഗ്രസ് നിലപാടിനെ വീണ്ടും പരസ്യമായി തള്ളി രംഗത്തെത്തിയ റായ്ബറേലി എംഎല്‍എ അദിതി സിങ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇതേത്തുടര്‍ന്ന് എംഎല്‍എയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. യോഗി സര്‍ക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ പരിപാടി കോണ്‍ഗ്രസ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിരുന്നെങ്കിലും അദിതി സിങ് കൂട്ടാക്കാതെ പരിപാടിയിൽ പങ്കെടുത്തിരുന്നു. അന്നേ ദിവസം പ്രിയങ്ക ഗാന്ധിയുടെ റാലി ഉണ്ടായിട്ടും റായ്ബറേലി എംഎൽഎ ആയ അദിതി പങ്കെടുക്കാതിരുന്നതും കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്.
യു.പി സര്‍ക്കാര്‍ പ്രത്യേക നിയസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് നടത്തിയ ഗാന്ധി ജന്മദിന പരിപാടിയിലാണ് അദിതി പങ്കെടുത്തത്. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നിര്‍ദേശം അദിതി തള്ളുകയായിരുന്നു. ഇതിനു പിന്നാലെ തനിക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് അദിതി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അപേക്ഷ പരിഗണിച്ച യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അതിദിക്കു വൈ പ്ലസ് സുരക്ഷ അനുവദിക്കുകയും ചെയ്തു.
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി. റായ്ബറേലി ലോക്സഭാ മണ്ഡലത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അതില്‍ രണ്ടെണ്ണം കോണ്‍ഗ്രസിനൊപ്പവും രണ്ടെണ്ണം ബി.ജെ.പിക്കൊപ്പവും ഒരെണ്ണം സമാജ്വാദി പാര്‍ട്ടിക്കൊപ്പവുമാണുള്ളത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് തന്റെ മണ്ഡലത്തിലെ കുടിവെള്ള, ശുചിത്വ പ്രശ്നങ്ങള്‍ അദിതി ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്തുവെന്നും അദിതി പറഞ്ഞു.
ജമ്മുകശ്മിരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുച്ഛേദം എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും അവര്‍ നേരത്തെ പിന്തുണച്ചിരുന്നു. 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 90,000ത്തോളം വോട്ടുകള്‍ക്കാണ് അദിതി ജയിച്ചത്. യു.പി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എമാരില്‍ ഒരാളാണ് 31കാരിയായ അദിതി. നെഹ്റു കുടുംബത്തോടെ ഏറ്റവും അടുപ്പമുള്ള എം.എല്‍.എയായിരുന്നു അദിതി സിങ്. എന്നാല്‍, പ്രിയങ്ക വദ്ര യുപിയുടെ ചുമതല ഏറ്റെടുത്തതോടെ ഇവര്‍ നേതൃത്വവുമായി ഇടയുകയായിരുന്നു.
Post Your Comments