കൊച്ചി : ഫ്ളാറ്റ് ഉടമകളെ ഒഴിപ്പിയ്ക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചിട്ടും 328 അപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും ഒഴിഞ്ഞുപോയിരിക്കുന്നത് 105 കുടുംബങ്ങളാണ്. ഇനിയും 205 അപ്പാര്‍ട്ട്‌മെന്റുകള്‍ ഒഴിയാനുണ്ട്. വ്യാഴാഴ്ച രാത്രി 12 മണി കഴിഞ്ഞാല്‍ ഫ്‌ളാറ്റുകളിലേയ്ക്കുള്ള വെള്ളവും വൈദ്യുതിയും നിലയ്ക്കും. ഇതോടെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
അതേസമയം, ഫ്‌ളാറ്റുകളില്‍നിന്ന് താമസക്കാര്‍ സാധനങ്ങള്‍ താഴേക്കു ഇറക്കുന്നതു തുടരുകയാണ്. മരടില്‍ ഒഴിപ്പിക്കാനുള്ള ഫ്‌ലാറ്റുകളില്‍ ഏറ്റവും വലിയ ജെയിന്‍ ഫ്‌ലാറ്റില്‍നിന്നടക്കം ആളുകള്‍ പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ട് കാരണം ഇന്ന് രാത്രിയും നാളെ രാവിലെയും സമയമെടുത്തു മാത്രമായിരിക്കാം ആളുകള്‍ ഒഴിയുക. എന്നാല്‍ ഇന്ന് രാത്രി താമസക്കാരെ ഇവിടെ തങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെയായിരുന്നു ഫ്‌ളാറ്റുകള്‍ ഒഴിയുന്നതിനു സര്‍ക്കാര്‍ അനുവദിച്ച സമയം. സാധനങ്ങള്‍ നീക്കാന്‍ കുടുതല്‍ സമയം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണം.
ജെയിന്‍ ഫ്‌ളാറ്റില്‍ താമസമുള്ള 15 കുടുംബങ്ങള്‍ ഒഴിഞ്ഞുപോയി. ഇനി 5 കുടുംബങ്ങളാണു ഒഴിയാന്‍ ബാക്കിയുള്ളത്. ഫ്‌ലാറ്റ് വാങ്ങിയ സ്ഥിര താമസമില്ലാത്ത ആളുകളും ഫ്‌ളാറ്റുകളില്‍ എത്തി സാധനങ്ങള്‍ മാറ്റുകയാണ്. എച്ച്2ഒ ഹോളി ഫെയ്ത്ത് ഫ്‌ലാറ്റിലും ആല്‍ഫ സെറിന്‍ ഫ്‌ലാറ്റുകളിലും അവസ്ഥ സമാനമാണ്. ഹോളി ഫെയ്ത്തില്‍ 20 കുടുംബങ്ങളാണ് ഇനി ഒഴിയാനുള്ളത്.
Post Your Comments